അദ്ധ്യായം- 99.സൂറത്തുസ്സില്‍സാല്‍

അദ്ധ്യായം 99 .സൂറത്തുസ്സില്‍സാല്‍ 

سورة الزلزلة (മദീനയില്‍  അവതരിച്ചു) സൂക്തങ്ങള്‍ -8
ഈ സൂറ:ക്ക് വലിയ മഹത്വമുണ്ട്.അനസുബിന്‍  മാലിക്(റ) വില്‍   നിന്ന് ഇമാം തുര്‍മുദി(റ)ഉദ്ധരിക്കുന്ന ഹദീസ്സില്‍  നബി(സ)പറഞ്ഞു ആരെങ്കിലും സൂറ:സില്‍സാല്‍ :ഓതിയാല്‍  അതു ഖുര്‍ആനിന്റെ പകുതിയോട് കിടപിടിക്കും ആരെങ്കിലും സൂറത്തുല്‍  കാഫിറൂന ഓതിയാല്‍  അത് ഖുര്‍ആനിന്റെ നാലിലൊന്നിനോട് കിടപിടിക്കും സൂറ:ഇഖ് ലാസ് ഓതിയാല്‍  അത് ഖുര്‍ആനിന്റെ മൂന്നിലൊന്നിനോട് കിടപിടിക്കും .(തുര്‍മുദി ഹദീസ് നമ്പര്‍ 2893)
ഇതിനു തൊട്ടു മുമ്പുള്ള  അദ്ധ്യായത്തിന്റെ അവസാനത്തില്‍  സത്യവിശ്വാസവും സല്‍പ്രവര്‍ത്തനങ്ങളും ചെയ്തിരുന്നവര്‍ക്ക് പ്രതിഫലം ഉണ്ടാകും എന്നാണ്  പറഞ്ഞിരുന്നത്..സ്വാഭാവികമായും സത്യവിശ്വാസികള്‍ക്ക് ജിഞ്ജാസയുണ്ടാകുമല്ലോ എപ്പോഴാണത് സംഭവിക്കുക എന്ന്..അതിന്റെ ഉത്തരം ഈ അദ്ധ്യായത്തിലുണ്ട്.അതാണ് കഴിഞ്ഞ അദ്ധ്യായവും  ഈ അദ്ധ്യായവും തമ്മിലുള്ള ബന്ധം(റാസി 32/54)
ഈ സൂറ:എന്നും ഓതല്‍  സുന്നത്തുണ്ട്
بسم الله الرحمن الرحيم
പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ എല്ലാ നാമവും പറഞ്ഞ്‌ അനുഗ്രഹം തേടിക്കൊണ്ട്‌ ഞാന്‍  ആരംഭിക്കുന്നു
1. إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا
ഭൂമി(അതി ഭയങ്കരമായി)വിറപ്പിക്കപ്പെട്ടാല്‍ .
ഖിയാമത്ത് നാളിലെ സംഭവങ്ങള്‍  വിവരിക്കുകയാണ്.സൂറ  എന്ന കാഹളത്തിലെ ഒന്നാമത്തെ ഊത്ത് നടക്കുമ്പോള്‍  ഉണ്ടാവുന്ന സംഭവമാണ് ഭൂമി അതിഭയങ്കരമായി വിറപ്പിക്കപ്പെടുക എന്നത് അങ്ങനെ ഈ ലോകത്തിന്റെ സര്‍വനാശം ഉണ്ടാവും
2. وَأَخْرَجَتِ الْأَرْضُ أَثْقَالَهَا
ഭൂമി അതിന്റെ ഭാരങ്ങളെ പുറം തള്ളുകയും ചെയ്താല്‍
മറമാടപ്പെട്ടിരുന്ന മനുഷ്യരുള്‍പ്പെടെ ഭൂമി അതിനകത്തുള്ള നിധികളെയെല്ലാം പുറത്ത് കൊണ്ട് വരും. സൂറിലെ രണ്ടാമത്തെ ഊത്ത് കഴിഞ്ഞാലാണ് ഇത് സംഭവിക്കുക
3. وَقَالَ الْإِنسَانُ مَا لَهَا
അതിനു എന്താണ് (പറ്റിയത്)എന്ന് മനുഷ്യന്‍  പറയുകയും ചെയ്താല്‍
അന്നത്തെ ഭീകരാവസ്ഥ കണ്ട് പരിഭ്രമിച്ച് മനുഷ്യന്‍  ഇതിനെന്തു (ഭൂമിയ്ക്ക്)സംഭവിച്ചു എന്ന് ചോദിക്കും
4. يَوْمَئِذٍ تُحَدِّثُ أَخْبَارَهَا
ആ ദിവസം ഭൂമി അതിന്റെ വര്‍ത്തമാനങ്ങള്‍  പറയുന്നതാണ്
അല്ലാഹു കല്പ്പിച്ചതനുസരിച്ച് അന്ന് ഭൂമി സ്വന്തം വര്‍ത്തമാനങ്ങള്‍  പറയുന്നതാണ്. ഭൂമിയുടെ വര്‍ത്തമാനം എന്താണെന്ന് അറിയാമോ?എന്ന് നബി(സ) ശിഷ്യന്മാരോട് ചോദിച്ചു അവര്‍  പറഞ്ഞു.അല്ലാഹുവിനും റസൂലിനും അറിയാം .അതിന്റെ വര്‍ത്തമാനങ്ങള്‍  എന്നാല്‍  എല്ലാവരും (ആണ്‍ /പെണ്‍ )അതിന്റെ മുകളില്‍  വെച്ച് പ്രവര്‍ത്തിച്ചതിനെ പറ്റി (ഇന്ന ദിവസം അവന്‍   ഇന്ന കാര്യം ചെയ്തു എന്ന വിധത്തില്‍  )ഭൂമി സാക്ഷിപറയലാണ്  ഇതാണതിന്റെ വര്‍ത്തമാനങ്ങള്‍ (അഹ്‌മദ്,തുര്‍മുദി,നസാഇ)
ഭൂമി എങ്ങനെ സംസാരിക്കും എന്ന് സംശയിക്കേണ്ടതില്ല.കാരണം അല്ലാഹു അതിനു കഴിവുള്ളവന്‍   തന്നെ എന്ന് പലയിടത്തും ഖുര്‍ആന്‍  ഉണര്‍ത്തിയിട്ടുണ്ട്.ഭൂമി അതിന്റെ മുകളില്‍  വെച്ച് നന്മ ചെയ്തവര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും തിന്മ ചെയ്തവരെക്കുറിച്ച് പരാതി പറയുകയും ചെയ്യുന്നതാണ്.
അലി(റ) പൊതുമുതല്‍  ശേഖരിച്ച് അതു വിതരണം ചെയ്ത് കഴിഞ്ഞാല്‍  രണ്ട് റക്അത്ത് സുന്നത്ത് നിസ്ക്കരിച്ച് പറയും ഭൂമിയേ സത്യസമേതം നിന്നെ ഞാന്‍  നിറച്ചു സത്യ സമേതം തന്നെ ഞാന്‍  അതില്‍  നിന്ന് ഒഴിവാക്കുകയും ചെയ്തു എന്ന് നീ സാക്ഷിയാവണം(റാസി 32/56) നോക്കുക ഭൂമുഖത്ത് വെച്ച് യാതൊരു ശ്രദ്ധയുമില്ലാതെ തെറ്റുകളില്‍  നിന്ന് തെറ്റുകളിലേക്ക് സ്വകാര്യമായി സഞ്ചരിക്കുമ്പോള്‍  ഓര്‍ക്കണം ഭൂമി ഇതു പുറത്തിട്ട് നമ്മെ വഷളാക്കുന്ന ദിനം വരും എന്ന്..അല്ലാഹു സ്വകാര്യ ജീവിതം നന്നാക്കാന്‍  അനുഗ്രഹിക്കട്ടെ ആമീന്‍ 

5. بِأَنَّ رَبَّكَ أَوْحَى لَهَا
തങ്ങളുടെ നാഥന്‍  അതിനു ബോധനം നല്കിയ കാരണത്താല്‍
അല്ലാഹു ഭൂമിക്ക് സംസാരിക്കാന്‍  നിടിദ്ദേശം നല്കും അപ്പോള്‍  വസ്തു നിഷ്ഠമായി ഭൂമി സംസാരിക്കും
6. يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِّيُرَوْا أَعْمَالَهُمْ
അന്നേ ദിവസം തങ്ങളുടെ പ്രവര്‍ത്തന ഫലങ്ങള്‍  തങ്ങള്‍ക്ക് കാട്ടിക്കൊടുക്കുവാനായി മനുഷ്യന്‍  ഭിന്ന സംഘങ്ങളായി രംഗത്ത് വരുന്നതാണ്
ഇമാം റാസി(റ) പറയുന്നു. അന്ന് ചിലര്‍  ഭംഗിയുള്ള വസ്ത്രത്തിലായി  പ്രസന്ന മുഖത്തോടെ വാഹനപ്പുറത്ത് മഹ്ശറിലേക്ക് വരും അദ്ദേഹത്തിന്റെ മുന്നില്‍  ഒരാള്‍  ഇത് അല്ലാഹുവിന്റെ ഇഷ്ടദാസന്‍  എന്ന് വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കും മറ്റ് ചിലര്‍  കറുത്ത മുഖവുമായി ചങ്ങലകളില്‍  ബന്ധിക്കപ്പെട്ട നിലയില്‍  മഹ്ശറിലേക്ക് വരും.മുന്നില്‍  ഒരാള്‍  ഇവന്‍  അല്ലാഹുവിന്റെ ശത്രുവാണെന്ന് വിളിച്ച് പറഞ്ഞ് കൊണ്ടേയിരിക്കും..ഇതാണ് വ്യത്യസത സംഘങ്ങളായി വരും എന്നതിന്റെ താല്പര്യം(റാസി 32/56)

7. فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ
അപ്പോള്‍  ആര്  അണുത്തൂക്കം നന്മ പ്രവര്‍ത്തിച്ചിരുന്നുവോ അവന്‍  അത് കാണും
8. وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ
ആര് ഒരു അണുത്തൂക്കം തിന്മ പ്രവര്‍ത്തിച്ചിരുന്നുവോ അത് അവര്‍  കാണും
പ്രസന്നമായ മുഖത്തോടെയും കറുത്ത മുഖത്തോടെയും വാഹനപ്പുറത്തും മുഖം കുത്തി നടന്നും ...ഇങ്ങനെ പലതരത്തിലായി ജനങ്ങള്‍  മഹ്ശറിലേക്ക് (വിചാരണക്കായി ഒരുമിച്ച് കൂടുന്ന സ്ഥലം) വരുന്ന രംഗമാണിവിടെ സൂചിപ്പിക്കുന്നത് ജീവിതത്തില്‍  ചെയ്തപ്രവര്‍ത്തനങ്ങളുടെ പ്രതിഫലം കാണിച്ച് കൊടുക്കാനാണ് ഇത് . .അന്ന് താന്‍  ചെയ്ത എത്ര ചെറുതോ വലുതോ ആയ കാര്യങ്ങള്‍  മുഴുവനും കാണിച്ച് കൊടുക്കും.ഒരു അണുവോളം ആണതെങ്കില്‍  പോലും അത് കാണിക്കപ്പെടും അന്നേദിനം ഓരോരുത്തരും അവനവനെ സ്വയം ആക്ഷേപിക്കും..നന്മ ചെയ്തവന്‍  എന്തു കൊണ്ട് താന്‍  നന്മ വര്‍ദ്ധിപ്പിച്ചില്ലെന്നും തിന്മ ചെയ്തവന്‍  എന്തു കൊണ്ട് താന്‍  തെറ്റുകളില്‍  നിന്ന് മാറി നിന്നില്ല എന്നും പറഞ്ഞായിരിക്കും ആക്ഷേപം എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്...നന്മയുടെ പ്രതിഫലമോ തിന്മയുടെ ശിക്ഷയോ കാണുമ്പോഴാണിത് സംഭവിക്കുക.(ഖുര്‍ത്വുബി20.107)
ഇമാം റാസി(റ) എഴുതുന്നു.മുഖാതില്‍ (റ)പറയുന്നു.ഈ ആയത് രണ്ട് വ്യക്തികളുടെ വിഷയത്തില്‍  ഇറങ്ങിയതാണ്. ഒരാള്‍  ആരെങ്കിലും വല്ലതും ചോദിച്ചാല്‍  ഒരു കാരക്കയോ മറ്റോ കൊടുക്കുന്നത് അയാള്‍  നിസ്സാരമായി കണ്ട്(ഇത് കൊടുത്തിട്ടെന്ത് കാര്യം എന്ന രൂപത്തില്‍ ) അദ്ദേഹം സംസാരിച്ചു.മറ്റൊരാള്‍  ചെറിയ തെറ്റുകള്‍  കൊണ്ടൊന്നും നാം ശിക്ഷിക്കപ്പെടില്ല (ചെറിയ തെറ്റുകള്‍  പ്രശ്നമാക്കേണ്ടതില്ല) എന്ന് അദ്ദേഹം പറഞ്ഞു.അപ്പോള്‍  ഇറങ്ങിയ ഈ ആയത്തില്‍  നന്മ എത്ര ചെറുതാണെങ്കിലും ചെയ്യണമെന്നും തിന്മ എത്ര ചെറുതാണെന്ന് തോന്നിയാലും അത് ഒഴിവാക്കണമെന്നും അല്ലാഹു ഉണര്‍ത്തി.കാരണം നന്മ ചെറുതാണെങ്കിലും പല തവണ ആവര്‍ത്തിക്കുമ്പോള്‍  നന്മകള്‍  കുന്നുകൂടും..ചെറിയ തിന്മയാണെങ്കിലും പല തവണ ചെയ്യുമ്പോള്‍  അത് കുറെ ഉണ്ടാവും ..അതിനാല്‍  ചെറിയതാണെങ്കിലും നന്മ ഉപേക്ഷിക്കരുത്.തിന്മ ചെറുതാണെന്ന് തോന്നിയാലും ചെയ്യരുത്.കാരണം അതും വിചാരണ ചെയ്യപ്പെടുകയും നന്മക്ക് പ്രതിഫലവും തിന്മക്ക് ശിക്ഷയും നല്കപ്പെടും എന്നും അല്ലഹു ഉണര്‍ത്തിയതാണ്(റാസി 32/89)
നന്മയില്‍  നിന്ന് ഒന്നിനെയും നിസ്സാരമാക്കരുതെന്ന് നബി(സ) പറഞ്ഞ ഹദീസ് ഇവിടെ നാം ഓര്‍ക്കുക.ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്.അവിശ്വാസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പ്രതിഫലം ലഭിക്കില്ലെന്നും സത്യ വിശ്വാസിയുടെ ചെറുദോഷങ്ങള്‍  പൊറുക്കപ്പെടുമെന്നുമല്ലേ ഉള്ളത്?അപ്പോള്‍  ആര്  അണുവിന്റെ അത്ര നന്മ ചെയ്താല്‍  അത് കാണും എന്ന് എങ്ങനെ പറയും? അതിനു വിവിധ ഉത്തരങ്ങള്‍  ഇമാമുകള്‍  പറഞ്ഞു
(1) അവിശ്വാസി ചെയ്യുന്ന നന്മയുടെ പ്രതിഫലം അവന്‍  കാണുന്നത് ഇവിടെ തന്നെയാണ്.പരലോകത്ത് അവന്‍  ഒരു നന്മയും അനുഭവിക്കില്ല അതെ സമയം വിശ്വാസി ചെയ്ത തിന്മയുടെ ശിക്ഷ ചിലപ്പോള്‍  ഇവിടെ കാണും .നബി(സ) അബൂബക്കര്‍(റ) നോട് പറഞ്ഞു.അബൂബക്കറേ!ഭൂമിയില്‍  നിങ്ങള്‍  അനുഭവിക്കുന്ന വിഷമങ്ങള്‍  അണുവിന്റെ അത്രയെങ്കിലും തിന്മയുണ്ടെങ്കില്‍  അതിന്റെ പ്രതിഫലം ആയിട്ടാണത്.അണുവിന്റെ അത്രയെങ്കിലും നന്മയുണ്ടെങ്കില്‍  അത് അല്ലാഹു സൂക്ഷിച്ച് വെക്കുകയും അന്ത്യനാളില്‍  അതിന്റെ പ്രതിഫലം നല്കുകയും ചെയ്യും
(2)എല്ലാവര്‍ക്കും അവരുടെ നന്മയും തിന്മയും പരലോകത്ത് അല്ലാഹു കാണിച്ച് കൊടുക്കും ,എന്നിട്ട് അവിശ്വാസിയുടെ നന്മ സ്വീകരിക്കാതെ തള്ളപ്പെടുകയും തിന്മക്ക് ശിക്ഷിക്കപ്പെടുകയും ചെയ്യും .സത്യ വിശ്വാസിയുടെ തിന്മ അല്ലാഹു പൊറുക്കുകയും നന്മക്ക് പ്രതിഫലം നല്കുകയും ചെയ്യും
(3)അവിശ്വാസിയുടെ നന്മയുടെ തോതനുസരിച്ച് ശിക്ഷയുടെ ഗൗരവത്തില്‍  കുറവുണ്ടാകും
(4)നന്മ ചെയ്താല്‍  കാണും എന്നത് വിശ്വാസികള്‍ക്ക് പ്രതിഫലം ലഭിക്കും എന്നും തിന്മ ചെയ്താല്‍  കാണും എന്നത് അവിശ്വാസിയുടെ തിന്മ അവന്‍  കാണും എന്നാണ്...(റാസി 32/58)
അപ്പോള്‍  വിഷമിച്ചിട്ടോ കൈകടിച്ചിട്ടോ കാര്യമുണ്ടാവില്ല.പ്രവര്‍ത്തിക്കാന്‍  അവസരമുള്ള ഭൂമിയാകുന്ന കര്‍മ്മ ഭൂമിയില്‍  ശ്രദ്ധയുള്ളവരാവാന്‍  അല്ലാഹു അനുഗ്രഹിക്കട്ടെ(ആമീന്‍ )