سورة الهمزة
بسم الله الرحمن الرحيم
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാന്‍ ആരംഭിക്കുന്നു.
1. وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ
(അന്യരെ) കുത്തിപ്പറയുന്നവരും കുറവാക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നാശം
ഇമാം ഖുര്‍ത്വുബി(റ)എഴുതുന്നു. ഇബ്നു അബ്ബാസ്(റ) ഇവിടെ പറയുന്ന വ്യാഖ്യാനം ഇങ്ങനെയാണ് “ഏഷണിയുമായി നടന്ന് സ്നേഹിതര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുകയും നിരപരാധികളെ ദുരാരോപണങ്ങളിലൂടെ ഇകഴ്ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണിവര്‍ ഇതനുസരിച്ച് هُمَزَةٍ/ لُّمَزَةٍ എന്നീ രണ്ടു വാക്യവും ഒരേ ആശയം തന്നെയാണ് ദ്യോതിപ്പിക്കുന്നത്. നബി(സ.അ) പറഞ്ഞിട്ടുണ്ട്. “അള്ളാഹുവിന്റെ അടിമകളില്‍ ഏറ്റവും ദുഷിച്ചവര്‍ സ്നേഹിതര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കാനായി ഏഷണിയുമായി നടക്കുന്നവരും നിരപരാധികളെ ദുരാരോപണങ്ങളിലൂടെ ഇകഴ്ത്തുന്നവരുമാണ്”.
همزة/لمزة എന്നതിന്റെ വിവധ അര്‍ഥങ്ങള്‍
هُمَزَة എന്നാല്‍ മുഖത്ത് നോക്കി ആക്ഷേപിക്കുന്നവരും لُّمَزَةٍ എന്നാല്‍ അസ്സാന്നിദ്ധ്യത്തില്‍ പരദൂഷണം പറയുന്നവര്‍ എന്നുമാണ്.
هُمَزَة എന്നാല്‍ ആളുകളെ ആക്ഷേപിക്കുന്നവരെന്നും لُّمَزَةٍ എന്നാല്‍ തറവാടിനെ ആക്ഷേപിക്കുന്നവര്‍ എന്നുമാണ്. هُمَزَة എന്നാല്‍ കൈ കൊണ്ട് ഉപദ്രവിക്കുന്നവര്‍ എന്നും لُّمَزَة എന്നാല്‍ നാവു കൊണ്ട് ജനങ്ങളെ ഭത്സിക്കുന്നവര്‍ എന്നുമാണ്.
هُمَزَة എന്നാല്‍ ഒപ്പം ഇരിക്കുന്നവരെ ചീത്ത പറയുന്നവര്‍ എന്നും لُّمَزَة എന്നാല്‍ കണ്ണ് കൊണ്ടും മറ്റും പരിഹാസ പൂര്‍വം ഗോഷ്ഠികള്‍ കാണിക്കുന്നവര്‍ എന്നുമാണ് .(ഖുര്‍ത്വുബി 20/132)
ഈ പറഞ്ഞ ഓരോ വിശദീകരണവും വൈരുദ്ധ്യമല്ല പ്രത്യുത വൈവിദ്ധ്യമാണ്. അതായത് ഈ പറഞ്ഞ ഒരു ദുസ്വഭാവവും നമുക്ക് പാടില്ലെന്നും നമ്മെ നാശത്തിലെത്തിക്കുമെന്നും ചുരുക്കം(അള്ളാഹു നമ്മുടെ സ്വഭാവങ്ങളെ നന്നാക്കട്ടെ ആമീന്‍ )
മിഅ്റാജിന്റെ യാത്രയില്‍ ചെമ്പിന്റെ നഖം കൊണ്ട് മുഖവും നെഞ്ചും മാന്തി പിളര്‍ക്കുന്ന ഒരു വിഭാഗത്തെ നബി(സ.അ) കാണുകയും ജനങ്ങളെ പരദൂഷണം പറയുകയും അവരുടെ അഭിമാനം ചോദ്യം ചെയ്യുകയും ചെയ്തവരാണിവര്‍ എന്ന് വിശദീകരണം നല്‍കപ്പെടുകയും ചെയ്ത നബി (സ.അ) യുടെ വചനം ഈ സമയത്ത് നാം ചിന്തിക്കേണ്ടതുണ്ട്
ഇത് അവതരിച്ചത് അഖ്നസ് ബിന്‍ ശുറൈഖ് എന്ന പരദൂഷണ വിദഗ്ദനിലാണെന്നും, നബി(സ) യെ ആക്ഷേപിക്കുന്നതില്‍ അതിരു കടന്ന വലീദുബിന്‍ മുഗീറ യിലാണെന്നും മറ്റും അഭിപ്രായമുണ്ട്. എന്നാല്‍ ഇതിന്റെ താക്കീത് അവരില്‍ മാത്രമല്ല ആ സ്വഭാവം ഉള്ളവര്‍ക്കൊക്കെയും ബാധകമാണ് .
2. الَّذِي جَمَعَ مَالًا وَعَدَّدَهُ
ധനം ശേഖരിക്കുകയും അത് എണ്ണി നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവനു(നാശം)
3. يَحْسَبُ أَنَّ مَالَهُ أَخْلَدَهُ
അവന്റെ ധനം അവനെ ശാശ്വതനാക്കിയിരിക്കുന്നുവെന്ന് അവന്‍ വിചാരിക്കുന്നു.
ധാരാളം ധനം സമ്പാദിക്കുകയും അത് നല്ല കാര്യങ്ങളില്‍ ചിലവഴിക്കാതെ അഹങ്കാരത്തോടെ എണ്ണിക്കണക്കാക്കി എന്റെ ധനത്തില്‍ ഇത്ര വര്‍ദ്ധനവ് ഉണ്ടായി എന്ന് ചിന്തിച്ച് അഭിമാനം കൊള്ളുകയും അത് തന്നെ തന്റെ ചിന്താവിഷയമാക്കുകയും ചെയ്യുന്ന ദുഷ്ടമാരില്‍ പൊതുവെ കാണുന്ന ശൈലിയാണ് മറ്റുള്ളവരെ കുത്തുവാക്കുകള്‍ ഉപയോഗിച്ച് ഇടിച്ച് താഴ്ത്തലും കുറവുകള്‍ എടുത്ത് കാട്ടി ദുഷിച്ച് പറയലും .തന്റെ കൂട്ടി വെച്ച സമ്പത്തിന്റെ ബലത്തില്‍ എനിക്ക് ഇവിടെ ശാശ്വത ജീവിതം സാദ്ധ്യമാണെന്നും ഇതൊരിക്കലും നശിക്കുകയില്ലെന്നുമുള്ള ഭാവമായിരിക്കും ഇത്തരം ധനപൂജകര്‍ക്കുണ്ടാവുക. എന്നാല്‍ ഇവരുടെ കണക്ക് കൂട്ടലുകള്‍ ശരിയല്ലെന്ന് മാത്രമല്ല മഹാ നഷ്ടത്തിലാണ് ഇവര്‍ ആപതിക്കുക എന്നാണ് അള്ളാഹു ഇവിടെ താക്കീത് ചെയ്യുന്നത്.
4. كَلَّا لَيُنبَذَنَّ فِي الْحُطَمَةِ
വേണ്ട! നിശ്ചയം അവര്‍ ഹുത്വമ:യില്‍ എറിയപ്പെടുക തന്നെ ചെയ്യും.
5. وَمَا أَدْرَاكَ مَا الْحُطَمَةُ
ഹുത്വമ: എന്നാല്‍ എന്താണെന്ന് തങ്ങള്‍ക്ക് അറിവ് നല്‍കിയത് എന്താണ്?.
6. نَارُ اللَّهِ الْمُوقَدَةُ
അള്ളാഹുവിന്റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയത്രെ അത്(ഹുത്വമ എന്നാല്‍ ).
7. الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ
അതായത് ഹൃദയങ്ങളില്‍ (കയറിച്ചെന്ന്)എത്തി നോക്കുന്നത്.
8. إِنَّهَا عَلَيْهِم مُّؤْصَدَةٌ
നിശ്ചയം അത് അവരുടെ മേല്‍ അടച്ച് മൂടപ്പെടുന്നതായിരിക്കും.
9. فِي عَمَدٍ مُّمَدَّدَةٍ
നീട്ടിയുണ്ടാക്കപ്പെട്ട (വമ്പിച്ച) തൂണുകളിലായിക്കൊണ്ട്.
നരകത്തിന്റെ ഒരു നാമമാണ് ഹുത്വമ: എന്നത്. അതില്‍ ചെന്ന് പെടുന്ന എന്തിനെയും കത്തിച്ച് നശിപ്പിക്കുമാറ് കഠിന ചൂടുള്ളത് എന്ന് സാരം. സാധാരണ കാണുന്ന അഗ്നിയല്ല നരകത്തിലെ അഗ്നി. മാംസമോ ബാഹ്യ അവയവങ്ങളോ മാത്രമല്ല ആ അഗ്നി എരിച്ച് കളയുന്നത് ഹൃദയങ്ങളുടെ ഉള്ളിലേക്ക് കയറിച്ചെന്ന് അവയെയും അത് കടന്നാക്രമിക്കും. ആ അഗ്നിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോകാന്‍ കഴിയാത്ത വിധം വലിയ തൂണുകള്‍ക്കിടയില്‍ ബന്ധനത്തിലായിരിക്കും അവര്‍ .വാതിലുകള്‍ അവര്‍ക്ക് നേരെ അടച്ച് പൂട്ടപ്പെട്ടിട്ടുമുണ്ടാകും അങ്ങനെ ഒരു തരത്തിലുള്ള ആശ്വാസത്തിനും വകയില്ലാതെ എല്ലാ നിലയിലും അവര്‍ യാതന അനുഭവിക്കും എന്നിങ്ങനെ നരക ശിക്ഷയുടെ ഗൌരവം അള്ളാഹു വിവരിച്ചിരിക്കുകയാണ്. പണത്തിന്റെ പളപളപ്പില്‍ ധിക്കാരത്തിന്റെ ആള്‍ രൂപങ്ങളായി മാറുന്നവര്‍ ചിന്തിച്ചെങ്കില്‍ !! പരദൂഷണവും പരിഹാസവുമൊക്കെ പതിവാക്കിയവര്‍ മനുഷ്യരുടെ പച്ച മാംസം തിന്നുന്നവരാണ്. അതിന് അവര്‍ക്കുള്ള ശിക്ഷ നരകമാണ്/അഥവാ അവരുടെ മാംസം തിന്നുന്ന സ്വഭാവമാണ് നരകത്തിനുണ്ടാവുക എന്ന് സാരം(റാസി )
ഈ ഹുമസ:സൂറത്ത് ആരെങ്കിലും ഓതിയാല്‍ മുഹമ്മദ് നബി(സ) യെയും അവിടുത്തെ ശിഷ്യരെയും പരിഹസിക്കുന്നവരുടെ എണ്ണം കണ്ട് പത്ത് നന്മകള്‍ അള്ളാഹു അയാള്‍ക്ക് നല്‍കും(ബൈളാവി2/222)
പരിഹാസവും പരദൂഷണവും നമ്മുടെ പരലോക ജീവിതത്തെ നശിപ്പിക്കും .വിശേഷിച്ച് നബിമാരെയും മഹത്തുക്കളെയുമൊക്കെ ആക്ഷേപിക്കുന്നത് വലിയ നഷ്ടമുണ്ടാക്കും..