ആമുഖം

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
അല്ലാഹു സുബ്‌ഹാനഹുവതആലാ മനുഷ്യ സഞ്ചയത്തിന്റെ ബഹുമുഖ പുരോഗതിക്കായി അന്ത്യപ്രവാചകര്‍ മുഹമ്മദ്‌(സ്വ) ക്ക്‌ ജിബ്രീല്‍ (അ) എന്ന മാലാഖ മുഖേന ഇരുപത്തിമൂന്ന് വര്‍ ഷം കൊണ്ട്‌ അവതരിപ്പിച്ച ദൈവിക ഗ്രന്ഥമാണ്‌ വിശുദ്ധ ഖുര്‍ ആന്‍.
إِنَّ هَـذَا الْقُرْآنَ يِهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا
وأَنَّ الَّذِينَ لاَ يُؤْمِنُونَ بِالآخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا :
سورة الإسراء ,
നിശ്ചയം ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക്‌ വഴികാണിക്കുകയും സത്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് സന്തോഷവാര്‍ ത്ത അറിയിക്കുകയും പാരത്രിക ജീവിതത്തില്‍ വിശ്വസിക്കാത്തവര്‍ക്ക്‌ വേദനനിറഞ്ഞ ശിക്ഷ നാം ഒരുക്കി വെക്കുകതന്നെ ചെയ്തിട്ടുണ്ടെന്ന മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്യുന്നു.(അദ്ധ്യായം 17‌: അല്‍ ഇസ്‌റാഅ. 9 ,10‌ വാക്യങ്ങള്‍)

അപ്പോള്‍ ചിന്താശേഷിയുള്ള മനുഷ്യന്‍ ഏറ്റവും നല്ലത്‌ തിരഞ്ഞെടുക്കുന്നു. അതിലൂടെ തനിക്കും താനുള്‍ക്കൊള്ളുന്ന സമൂഹത്തിനും നന്മ കൈവരുന്നു. സമാധാന പൂര്‍ണ്ണവും നീതി സമ്പന്നവുമായ ഒരു ലോകം സാധ്യമാവുന്നു. കാരണം ഖുര്‍ആന്‍ പറഞ്ഞ ഈ ആശയം ലക്ഷ്യബോധമുള്ള ഒരു സമൂഹസൃഷ്ടി യാഥാര്‍ത്ഥ്യമാക്കുന്നു. തന്റെ നന്മക്ക്‌ പ്രതിഫലവും തിന്മക്ക്‌ ശിക്ഷയും ലഭിക്കുമെന്നും താന്‍ എന്തു ചെയ്താലും നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും അറിയുന്നിടത്താണ്‌ ജീവിത വിശുദ്ധി കൈവരിക.

പൂര്‍ണ്ണമായി തമസ്ക്കരിക്കപ്പെട്ടിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ മനസ്സുകളെ ആരും അസൂയപ്പെടും വിധം നന്മയുടെ വിളനിലമാക്കി മാറ്റാന്‍ പ്രവാചകര്‍(സ്വ) ക്ക്‌ വെറും ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട്‌ സാധിച്ചതിന്റെ കാരണവും ഇതായിരുന്നു. ഈ ലക്ഷ്യബോധം നഷ്ടമായതാണ്‌ തിന്മയുടെ ഭീതിതമായ വര്‍ദ്ധനവിന്റെ മൂലകാരണം. അതിനാല്‍ മാതൃകായോഗ്യരായ ഒരു തലമുറയുണ്ടാവാന്‍ ഈ ലക്ഷ്യബോധത്തിലേക്ക്‌ സമൂഹത്തെ കൊണ്ട്‌ വരാന്‍ എല്ലാവരും ശ്രമിക്കണം. ഇത്‌ കൈമോശം വന്നാല്‍ മറ്റൊന്നിനും നമ്മെ നന്നാക്കാനാവില്ലെന്ന് സമകാലിക സംഭവങ്ങളെല്ലാം നമ്മെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ഈ ഘട്ടത്തിലാണ്‌ ഖുര്‍ആനിന്റെ മഹത്തായ ഈ ലക്ഷ്യത്തെ കുറിച്ച്‌ സമൂഹ ശ്രദ്ധക്ഷണിക്കാന്‍ നാം ചിന്തിക്കുന്നത്‌. നമ്മുടെ ചിന്തക്ക്‌ വിഷയീഭവിക്കേണ്ട ചില കാര്യങ്ങല്‍ ഖുര്‍ആന്‍ അടിസ്ഥാനമാക്കി നാം പറയുന്നുവെന്നല്ലാതെ ഈ പറഞ്ഞതേ ഖുര്‍ആനിന്റെ ആശയമുള്ളൂ എന്ന് ആരും തെറ്റിദ്ധരിക്കരുത്‌. കാരണം എത്ര വിശദീകരിച്ചാലും തീരാത്തത്ര ആശയ വിശാലതയുള്ള ഗ്രന്ഥമാണ്‌ ഖുര്‍ ആന്‍ എന്ന് ഖുര്‍ആന്‍ തന്നെ പലയിടത്തും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. അതിനാല്‍ ഖുര്‍ആന്‍ വ്യാഖ്യാനം ഖുര്‍ആനിന്റെ തൊലിപ്പുറത്ത്‌ കൂടിയുള്ള ഒരു സഞ്ചാരം മാത്രമാണെന്ന് നമുക്ക്‌ എപ്പോഴും ഓര്‍മ്മ വേണം ഖുര്‍ആനെ തെറ്റിദ്ധരിക്കാതിരിക്കാനും നാം തെറ്റിപ്പോവാതിരിക്കാനും ഈ ചിന്ത അത്യാവശ്യമാണ്‌ എന്ന് ഉണര്‍ത്തി ഈ ചെറിയ ശ്രമംആരംഭിക്കട്ടെ. അല്ലാഹു നല്ലത്‌ ചിന്തിക്കാനും പറയാനും പ്രാവര്‍ത്തികമാക്കാനും എല്ലാവരേയും അനുഗ്രഹിക്കട്ടെ..