അദ്ധ്യായം 113 -സൂറത്തുല്‍ ഫലഖ്

അദ്ധ്യായം 113 -സൂറത്തുല്‍ ഫലഖ്

سورة الفلق -സൂറത്തുല്‍ ഫലഖ്
( മക്കയില്‍ അവതരിച്ചു -സൂക്തങ്ങ
ള്‍ 5 )

ഈ അദ്ധ്യായത്തിനും സൂറത്ത് നാസിനും (المعوذتان) രക്ഷ നല്‍കുന്ന രണ്ട് സൂറത്തുകള്‍ എന്നാണ് അര്‍ത്ഥം.വിവിധ കെടുതികളില്‍ നിന്ന് അള്ളാഹുവോട് രക്ഷതേടാന്‍ പഠിപ്പിക്കുന്നതാണീ സൂറത്തുകള്‍.ഇത് രണ്ടിന്റെയും മഹത്വം പ്രകാശിപ്പിക്കുന്ന ധാരാളം ഹദീസുകള്‍ഞാന്‍ നബി(صلى الله عليه وسلم)യോടൊപ്പം അബവാഇന്റെയും ജുഹ്ഫയുടെയും(മക്കയി നിന്ന് ബദ്ര്‍ വഴി മദീനയിലേക്കുള്ള വഴിയിലാണീ സ്ഥലങ്ങള്‍) ഇടയിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് ശക്തമായ കാറ്റും ഇരുട്ടും ഞങ്ങളെ ബാധിച്ചു.അപ്പോള്‍ നബി(صلى الله عليه وسلم) ഫലഖ്.നാസ് എന്നീ രണ്ട് സൂറത്തുകള്‍ കൊണ്ട് അള്ളാഹുവോട് കാവല്‍ തേടാന്‍ തുടങ്ങി,അവിടുന്ന് എന്നോട് പറഞ്ഞു,ഉഖ്ബത്തേ!ഈ രണ്ട് സൂറത്തുകള്‍ കൊണ്ട് അള്ളാഹുവോട് കാവല്‍ തേടൂ.ഇതു പോലെ അല്ലാഹുവോട് മറ്റൊന്നു കൊണ്ടും ആരും ശരണം തേടിയിട്ടില്ല(അബൂദാവൂദ് ഹദീസ് നമ്പര്‍ .1463)

നബി(صلى الله عليه وسلم)യുടെ വഫാത്തിനോടനുബന്ധിച്ച് ഉണ്ടായ രോഗവേളയില്‍ നബി(صلى الله عليه وسلم) ഈ രണ്ട് സൂറത്തുകള്‍ ഓതി ശരീരത്തില്‍ മന്ത്രിച്ചിരുന്നു.ശക്തമായ വേദനയുണ്ടായപ്പോള്‍ ഞാന്‍ ഇത് ഓതി നബി(صلى الله عليه وسلم)യുടെ കൈകളില്‍ ഊതി അവിടുത്തെ ശരീരത്തില്‍ അവിടുത്തെ കൈകൊണ്ട്(അതിന്റെ പ്രത്യേക അനുഗ്രഹം പ്രതീക്ഷിച്ച്) നബിഞാന്‍ തടവി കൊടുത്തു എന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസില്‍ ആഇശ ബീവി(رضي الله عنها) പറയുന്നതായി കാണാം..(ഖുര്‍ത്വുബി.20/186)ഈ രണ്ട് സൂറത്തും സൂറതുല്‍ ഇഖ്‌ലാസും രാവിലെയും വൈകുന്നേരവും ഓതാനും അഞ്ച് നിസ്ക്കാരങ്ങള്‍ക്ക് ശേഷം ഓതാനും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഓതി കൈകളില്‍ ഊതി ശരീരത്തില്‍ നിന്ന് കയ്യെത്തുന്നിടത്തൊക്കെ തടവാനും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.ഇതെല്ലാം ഈ അദ്ധ്യായത്തിന്റെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നത് കാണാം,ഉഖ്ബത്ത് ബിന്‍ ആമിര്‍ (رضي الله عنه) പറയുന്നു.

بسم الله الرحمن الرحيم
പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാന്‍ ആരംഭിക്കുന്നു
1. قُلْ أَعُوذُ بِرَبِّ الْفَلَقِ
(നബിയേ)പറയുക!പ്രഭാതത്തിന്റെ നാഥനില്‍ ഞാന്‍ അഭയം പ്രാപിക്കുന്നു
ഇതിനു തൊട്ടു മുന്‍പുള്ള ഇഖ്‌ലാസ് എന്ന അദ്ധ്യായത്തില്‍ നിഷ്ക്കളങ്കമായ തൌഹീദിനെക്കുറിച്ചാണ് പരാമര്‍ശം.തൌഹീദിലേക്ക് ശിര്‍ക്കിന്റെ ലാഞ്ചനപോലും കടന്ന് വരാന്‍ പാടില്ലെന്നും അള്ളാഹു അതില്‍ നിന്നെല്ലാം പരിശുദ്ധനാണെന്നും അള്ളാഹു അവിടെ ഉണര്‍ത്തുന്നു, ഏതെങ്കിലും വിധത്തില്‍ അള്ളാഹുവിനോട് ആരെയെങ്കിലും തുല്യപ്പെടുത്തുന്നത് ശിര്‍ക്കാകുമെന്നും അവിടെ വ്യക്തമാവുകയും ചെയ്യുന്നു.അള്ളാഹുവിന്റെ കഴിവിലോ അധികാരത്തിലോ അല്ലാഹു അല്ലാത്തവര്‍ക്ക് പങ്കാളിത്തം നല്‍കിക്കൂടാ എന്ന് അവിടെ വ്യക്തമകുന്നു എന്നാല്‍ അവന്റെ കഴിവിലും അധികാരത്തിലും മറ്റുള്ളവര്‍ക്ക് പങ്കാളിത്തം കല്‍‌പ്പിച്ച് കൊണ്ട് അവകളോട് രക്ഷതേടിയിരുന്ന ശിര്‍ക്കിന്റെ സമീപനത്തെ തകര്‍ക്കുകയാണ് ഈ അദ്ധ്യായത്തില്‍ .

അപ്പോള്‍ കഴിവിലും അധികാരാവകാശങ്ങളിലും അള്ളാഹുവിനു പങ്കാളികളെ സ്ഥാപിക്കാതെ മറ്റുള്ളവരോട് രക്ഷതേടുന്നതോ, അവര്‍ അള്ളാഹുവിന്റെ പങ്കാളികളല്ല മറിച്ച് അള്ളാഹുവിന്റെ വിനീതരായ അടിമകളാണെന്ന നിലക്ക് അള്ളാഹു നല്‍കിയ ആദരവിന്റെ അടിസ്ഥാനത്തില്‍ അവരോട് സഹായം തേടുന്നതോ ശിര്‍ക്കല്ല. കാരണം മറ്റാരില്‍ നിന്നെങ്കിലും വല്ല ഉപകാരവും ലഭിക്കും എന്ന വിശ്വാസത്തില്‍ നിന്നല്ല ശിര്‍ക്ക് ഉടലെടുക്കുന്നത് പ്രത്യുത ആ സഹായം അള്ളാഹു നല്‍കുന്ന സഹായം പോലെ നിരാശ്രയത്വത്തിന്റെ അടിസ്ഥാനത്തിലെന്ന് ധരിക്കുന്നതില്‍ നിന്നാണ് ശിര്‍ ക്ക് ഉടലെടുക്കുന്നത്.എല്ലാസഹായവും അള്ളാഹുവോടേ തേടൂ എന്ന് ഒന്നാം അദ്ധ്യായം(ഫാതിഹ)പറയുന്നു.എന്നിട്ടും നാം പലരോടും സഹായം തേടുന്നില്ലേ !! അത് ഈ പ്രഖ്യാപനത്തിനെതിരാണോ ആണെങ്കില്‍ ശിര്‍ക്ക് ചെയ്യാത്ത ആരെങ്കിലും ലോകത്തുണ്ടാവുമോ? അത് ശിര്‍ക്കല്ലെന്നാണുത്തരമെങ്കില്‍ എന്താണ് വ്യത്യാസം? അള്ളാഹുവോട് സഹായം ചോദിക്കുമ്പോഴുള്ള കാഴ്ചപ്പാട് അല്ല മറ്റുള്ളവരോട് ചോദിക്കുമ്പോഴുള്ളത് അഥവാ ആരാധിക്കപ്പെടാന്‍ അര്‍ഹരാണെന്ന അര്‍ത്ഥത്തിലോ സ്വയം പര്യാപ്തനാണെന്ന അര്‍ത്ഥത്തിലോ ചോദിക്കുമ്പോഴാണ് പ്രശ്നം.ഇതിന്റെ വിശദ വായനക്ക് അവിടുത്തെ വിവരണം നോക്കുക


ഫലഖ് എന്നാല്‍ പിളര്‍ത്തുക എന്നാണ് അര്‍ത്ഥം.മണ്ണ് പിളര്‍ത്തി ധാന്യം മുളപ്പിക്കല്‍ , ധാന്യം പിളര്‍ത്തി അതിന്റെ മുള പൊട്ടിക്കല്‍ , ഭൂമി പിളര്‍ത്തി ഉറവ് പുറപ്പെടുവിക്കല്‍ ,ഗര്‍ഭാശയം പിളര്‍ത്തി ശിശുവിനെ പുറപ്പെടുവിക്കല്‍ എന്നിവക്കെല്ലാം ആവാക്ക് ഉപയോഗിക്കും..ഈ അര്‍ത്ഥത്തിലാണ്
إِنَّ اللّهَ فَالِقُ الْحَبِّ وَالنَّوَى يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَمُخْرِجُ الْمَيِّتِ مِنَ الْحَيِّ ذَلِكُمُ اللّهُ فَأَنَّى تُؤْفَكُونَ)الأنعام95
തീര്‍ച്ചയായും ധാന്യമണികളും ഈന്തപ്പഴക്കുരുവും പിളര്‍ക്കുന്നവനാകുന്നു അല്ലാഹു നിര്‍ജീവമായതില്‍ നിന്ന്‌ ജീവനുള്ളതിനെ അവന്‍ പുറത്ത്‌ വരുത്തുന്നു. ജീവനുള്ളതില്‍ നിന്ന്‌ നിര്‍ജീവമായതിനെയും അവന്‍ പുറത്ത്‌ വരുത്തുന്നതാണ്‌. അങ്ങനെയുള്ളവനത്രെ അല്ലാഹു.. എന്നിരിക്കെ (സത്യത്തെ വിട്ട് )നിങ്ങള്‍ എങ്ങനെ തിരിക്കപ്പെടുന്നു.
فَالِقُ الإِصْبَاحِ
പ്രഭാതത്തെ പിളര്‍ത്തിയവന്‍ (അന്‍ ആം 96)എന്നുള്ള വചനങ്ങള്‍ ഒക്കെ ഉപയോഗിച്ചത്
ഈ അര്‍ത്ഥം വെച്ച് നോക്കിയാല്‍ ഒന്ന് പിളര്‍ത്തി മറ്റൊന്ന് ഉത്ഭവിപ്പിക്കുന്ന-സ്ര്‌ഷ്ടിച്ചുണ്ടാക്കുന്ന-റബ്ബിനോട് ശരണം തേടുന്നു എന്നായിരിക്കും ഇവിടെ വിവക്ഷ.രാത്രിയുടെ ഇരുട്ട് പിളര്‍ന്ന് അതില്‍ നിന്നാണല്ലോ പ്രഭാതത്തിന്റെ പുലരി വെളിപ്പെടുന്നത് ആ അര്‍ത്ഥത്തില്‍ പുലരിയുടെ- പ്രഭാതത്തിന്റെ -നാഥന്‍ എന്നര്‍ത്ഥം പറഞ്ഞത് ,കൂടുതല്‍ വ്യാഖ്യാതാക്കളും ഈ അര്‍ത്ഥമാണ് കൊടുത്തത്ഫലഖ് എന്നതിനു ജഹന്നം എന്ന നരകത്തിലെ ഒരു റൂമാണെന്നും അത് തുറക്കപ്പെട്ടാല്‍ അതിന്റെ ചൂടിന്റെ ശക്തിയാല്‍ നരകാവകാശികള്‍ നിലവിളിക്കും എന്നും ഫലഖ് എന്നാല്‍ നരകത്തിലെ ഒരു മരമാണെന്നും വ്യാഖ്യാനമുണ്ട്(ഖുര്‍ത്വുബി 20/187)

ഫലഖ് എന്നതിന്റെ അര്‍ത്ഥം ഏതായാലും അതിന്റെ കര്‍ത്താവ് അള്ളാഹു ആണ്.അതിനാല്‍ നേരത്തെ നാം പറഞ്ഞ അര്‍ത്ഥത്തിലുള്ള ശരണവും രക്ഷയും തേടേണ്ടത് അവനോടാണ് എന്ന് മനസിലാക്കണം

2. مِن شَرِّ مَا خَلَقَ
അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ ഉപദ്രവത്തില്‍ നിന്ന്

നാലു കാര്യങ്ങളെക്കുറിച്ച് രക്ഷ തേടാനാണ് ഈ അദ്ധ്യായത്തില്‍ അള്ളാഹു പഠിപ്പിക്കുന്നത്-അവന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളുടെയും ഉപദ്രവത്തില്‍ നിന്ന് അഭയം എന്നാണല്ലോ ആദ്യം പറയുന്നത്.അള്ളാഹു അല്ലാത്ത എല്ലാ വസ്തുക്കളും അവന്റെ സൃ‌ഷ്ടികളാണല്ലൊ അവയെല്ലാം ഓരോ നന്മക്ക് വേണ്ടിയാണ് പടക്കപ്പെട്ടതെങ്കിലും അവ മൂലം ചിലപ്പോള്‍ നാശവും സംഭവിച്ചേക്കാം അത് ചിലപ്പോള്‍ നമുക്ക് അജ്ഞാതമായേക്കാം ചിലത് നമ്മുടെ പ്രവൃത്തിദോഷം കൊണ്ടാവാം.ചിലത് മറ്റുള്ളവരുടെ കാരണത്താലാവാം.മനുഷ്യ ജീവിതത്തില്‍ അത്യാവശ്യമായ വായു,വെള്ളം,ഭക്ഷണം തീ മുതലായ വസ്തുക്കളാല്‍ തന്നെ ചിലപ്പോള്‍ നാശമുണ്ടാവാം.ഇത് നമ്മുടെ അനുഭവമാണ് അപ്പോള്‍ അള്ളാഹു പടച്ചതിന്റെ തിന്മയെ തൊട്ട് അള്ളാഹുവില്‍ ശരണം എന്നതിനു വളരെ വ്യപകമായ അര്‍ത്ഥമുണ്ട്

3. وَمِن شَرِّ غَاسِقٍ إِذَا وَقَبَ
രാത്രിയുടെ ഉപദ്രവത്തില്‍ നിന്നും.അത് ഇരുട്ട് മുറ്റിയതാകുമ്പോള്‍
പൊതുവില്‍ എല്ലാ വസ്തുക്കളുടെ തിന്മയെയും പറഞ്ഞതിനു ശേഷം ചില പ്രത്യേക നാശത്തെ കുറിച്ച് പറയുകയാണ് രാത്രി ഇരുള്‍ മുറ്റുമ്പോള്‍ ഉള്ള അതിന്റെ തിന്മയെ തൊട്ട് ശരണം എന്നാണ് ഇവിടെ പറയുന്നത്..പകലിനെ അപേക്ഷിച്ച് ആപത്തുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണല്ലോ രാത്രിയില്‍ ..പകല്‍ സമയത്ത് എവിടെ പോകാനും ഭയമില്ലാത്തവര്‍ക്ക് പോലും രാത്രിയില്‍ അങ്ങനെ അല്ലല്ലോ.മുന്‍ കരുതല്‍ എടുക്കാതെയുള്ള രാത്രി സഞ്ചാരം അപ്രതീക്ഷിതമായ ആപത്തുകളില്‍ നമ്മെ ചാടിക്കുന്നത് വ്യക്തമല്ലെ!രാത്രിയുടെ കെടുതിയില്‍ നിന്ന് കാവല്‍ തേടാന്‍ കല്പിച്ചതിലൂടെ ഭൌതികമോ ധാര്‍മ്മികമോ ആയ കെടുതികള്‍ പലപ്പോഴും ഭയാനകമാവാം.അതിനെതിരെ ആകാവുന്ന മുന്‍ കരുതല്‍ എടുക്കുകയും ജാഗ്രത പാലിക്കുകയും അള്ളാഹുവോട് പ്രാര്‍ത്ഥിക്കുകയും വേണമെന്ന് ഈ സൂക്തം നമ്മെ പഠിപ്പിക്കുന്നു
4. وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ
കെട്ടുകളില്‍ ഊതുന്നവരുടെ ഉപദ്രവത്തില്‍ നിന്നും
കെട്ടുകളില്‍ ഊതുന്നവര്‍ എന്നതിന്റെ വിവക്ഷ സിഹ്ര്‍ (മാരണം)ചെയ്യുന്നവര്‍ എന്നാണ്‌ മുജാഹിദ്.ഇക് രിമ,ഹസന്‍ (رضي الله عنه) തുടങ്ങിയവരുടെ പക്ഷം.മാരണം ചെയ്യുന്നവര്‍ ചിലത് ജപിച്ച് നൂല്‌.ചരട്,കയര്‍ തുടങ്ങിയവയില്‍ കെട്ടുകള്‍ ഇടുകയും അവയില്‍ ഊതുകയും ചെയ്യും .ലബീദ് ബിന്‍ അ അ്സം എന്ന ജൂതനും അവന്റെ പെണ്‍ മക്കളും കൂടി നബി(صلى الله عليه وسلم) ക്ക് മാരണം ചെയ്തു എന്നും പ്രസ്തുത പെണ്മക്കളെ ഉദ്ദേശിച്ചാണ്‌ ഊതുന്നവര്‍ എന്ന് സ്ത്രീലിംഗം പറഞ്ഞതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്,പക്ഷെ ഈ പണി ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളെ പോലെ ശിക്ഷാര്‍ഹരായിരിക്കും.സിഹ്ര്‍ ഏറ്റവും വലിയ പാപങ്ങളില്‍ ഒന്നാണ്‌.സിഹ്റിനു യാഥാര്‍ത്ഥ്യം ഇല്ലെന്നും ഗുണമായോ ദോഷമായോ ആയ ഏതെങ്കിലും ഫലമുണ്ടാക്കുന്ന തരത്തില്‍ ഒരു സിഹ്റുമില്ലെന്നും കേവലം മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടി വിദ്യകള്‍ മാത്രമാണ്‌ സിഹ്ര്‍ എന്നും ‌മു‌അ്തസിലികളെ പോലെയുള്ള ചില പഴയ ബിദഇകളും പുതിയ ഉല്പ്പതിഷ്ണുക്കളും പറയുന്നത് സത്യമല്ല. ഇത് ഖുര്‍‌ആനിനും നബി വചനങ്ങള്‍ക്കും തീര്‍ത്തും എതിരാണ്‌.സിഹ്റ് മുഖേന ഭാര്യാ ഭര്‍ത്താക്കന്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന വിദ്യ അവര്‍ പഠിച്ചു എന്ന് സൂറത്തുല്‍ബഖറയില്‍ അള്ളാഹു പഠിപ്പിച്ചിട്ടുണ്ട് അപ്പോള്‍ സിഹ്‌റിനും മറ്റ് വസ്തുക്കളെ പോലെ തന്നെ യാഥാര്‍ത്ഥ്യമുണ്ട്. ഇന്ദ്രജാലം,കണ്‍ കെട്ട് എന്നിവയൊക്കെ സിഹ്‌റിന്റെ ഇനങ്ങളില്‍ പെട്ടതാണ്. കല്ലിനെ സ്വര്‍ണ്ണമാക്കുക.മനുഷ്യനെ മൃ‌ഗമാക്കുക എന്നിങ്ങനെ ഒരു വസ്തുവിന്റെ യാഥാര്‍ത്ഥ്യത്തെ മറ്റൊന്നാക്കി മാറ്റുക എന്നിവയൊന്നും സിഹ്‌റ് കൊണ്ട് സാദ്ധ്യമല്ല എന്ന് വെച്ച് സിഹ്‌റു കൊണ്ട് ഒന്നും കഴിയില്ല എന്ന ധാരണ അബദ്ധമാണെന്ന് വ്യക്തമായല്ലൊ!

മന്ത്രം ഉറുക്ക് മുതലായവയെ പാടെ നിഷേധിക്കുകയും അവക്കൊന്നും ഒരു അടിസ്ഥാനവുമില്ലെന്ന വാദവും തള്ളപ്പെടേണ്ടതാണ്.കാരണം നബി(صلى الله عليه وسلم)ക്ക് അസുഖം ബാധിച്ചപ്പോള്‍ ജിബ്‌രീല്‍ (عليه وسلم)നബി(صلى الله عليه وسلم)യെ മന്ത്രിച്ചത് സ്ഥിരപ്പെട്ടിട്ടുണ്ട്. നബി(صلى الله عليه وسلم)തന്നെയും പലരെയും മന്ത്രിച്ചത് സ്ഥിരപ്പെട്ടതാണ്. പഴയ (ജാഹിലിയ്യ)കാലത്ത് ഞങ്ങള്‍ മന്ത്രിക്കാറുണ്ടായിരുന്നുവെന്നും അതെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്നും ശിഷ്യന്മാര്‍ നബി(صلى الله عليه وسلم)യോട് ചോദിച്ചപ്പോള്‍, ‘നിങ്ങളുടെ മന്ത്രം എനിക്ക് കാണിക്കുവീന്‍ ’,എന്ന് പറയുകയും ശിര്‍ക്ക് കലരാത്ത മന്ത്രം കുഴപ്പമില്ലെന്നും നബി(صلى الله عليه وسلم)പറഞ്ഞത് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.അപ്പോള്‍ മന്ത്രത്തെ നിരാകരിക്കുന്ന വല്ല തെളിവുകളും കണ്ടാല്‍ അത് വിശ്വാസത്തിനു തകരാറുണ്ടാക്കുന്ന-ശിര്‍ക്ക് കലര്‍ന്ന- മന്ത്രങ്ങളെക്കുറിച്ചാണെന്ന് മനസിലാക്കണം

ജാബിര്‍(رضي الله عنه) റിപ്പോര്‍ട്ട് ചെയ്യുന്നു. ‘അം‌റുബിന്‍ ഹസ്മിന്റെ ആള്‍ക്കാര്‍ വന്നു നബി(صلى الله عليه وسلم)യോട് പറഞ്ഞു. ‘അള്ളാഹുവിന്റെ റസൂലേ!ഞങ്ങളുടെ അടുത്ത് ഒരു മന്ത്രമുണ്ട്.തേള്‍ കുത്തിയാല്‍ ഞങ്ങള്‍ അത് മന്ത്രിക്കാറുണ്ട്.അവിടുന്ന് മന്ത്രം നിരോധിച്ചിരിക്കുകയാണല്ലോ. നിങ്ങളുടെ മന്ത്രം എനിക്ക് കാണിക്കൂ എന്ന് നബി(صلى الله عليه وسلم)പറഞ്ഞു ഇതില്‍ ദോഷമൊന്നുമില്ല.നിങ്ങളില്‍ ആര്‍ക്കെങ്കിലും തന്റെ സഹോദരനു വല്ല ഉപകാരവും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്തു കൊടുക്കട്ടെ എന്ന് നബി(صلى الله عليه وسلم)പറഞ്ഞു.’ അപ്പോള്‍ നല്ല മന്ത്രങ്ങള്‍ നടത്തുന്നത് പുണ്യമാണെന്നും വര്‍ജ്ജിക്കണമെന്ന് പറഞ്ഞത് ശിര്‍ക്കുള്ള മന്ത്രങ്ങളാണെന്നും വ്യക്തമായി

ഉറുക്ക് കെട്ടുന്നതും ഇത് പോലെ തന്നെ. കാവല്‍ തേടപ്പെടാ‍ന്‍ പഠിപ്പിക്കപ്പെട്ടത് കൊണ്ടല്ലാതെ മന്ത്രിക്കുന്നതും ഉറുക്ക് –ഏലസ്സ്-കെട്ടുന്നതും നബി(صلى الله عليه وسلم) വെറുത്തിരുന്നു എന്ന് ഇബ്നു മസ്‌ഊദ്(رضي الله عنه) നബി(صلى الله عليه وسلم)യില്‍ നിന്ന് ഉദ്ധരിക്കുന്നതായി ഇമാം അബൂദാവൂദും നസാഇയും ഹാക്കിമും ഉദ്ധരിച്ചിട്ടുണ്ട്(അദ്ദുര്‍ അല്‍ മന്‍ഥൂര്‍ 6/715). വിരോധിക്കപ്പെട്ടതെല്ലാം ശിര്‍ക്ക് കലര്‍ന്നത് കെട്ടുന്നതിനെ കുറിച്ചാണ് എന്ന് ചുരുക്കം.ഈ വ്യത്യാസം ഉള്‍ക്കൊള്ളാതെ എല്ലാം തള്ളാനുള്ള വെമ്പല്‍ ക്ഷന്തവ്യമല്ലെന്നുണര്‍ത്തട്ടെ

5. وَمِن شَرِّ حَاسِدٍ إِذَا حَسَدَ
അസൂയക്കാരന്‍ അസൂയ കാണിക്കുമ്പോള്‍ അവന്റെ ഉപദ്രവത്തില്‍ നിന്നും(ഞാന്‍ നാഥനില്‍ അഭയം പ്രാപിക്കുന്നു
രക്ഷ തേടാന്‍ കല്പിച്ച നാലാമത്തെ വിഷയമാണ് അസൂയക്കാരില്‍ നിന്ന് അള്ളാഹുവോട് അഭയം തേടല്‍ .മറ്റുള്ളവര്‍ക്ക് ലഭിച്ച ഗുണം നീങ്ങിപ്പോകാന്‍ ആഗ്രഹിക്കലാണ് അസൂയ.മറ്റ് വല്ലവര്‍ക്കും ലഭിച്ച നന്മ മൂലം തനിക്ക് നഷ്ടമൊന്നുമില്ലെങ്കിലും അസൂയക്കാരനു അത് സഹിക്കാന്‍ കഴിയില്ല അങ്ങനെ അവര്‍ക്ക് എന്തെങ്കിലും ആപത്ത് വരുത്തിവെക്കാന്‍ അവന്‍ ആവതു ശ്രമിക്കും അതിനു വേണ്ടി കുതന്ത്രങ്ങള്‍മെനയും അസൂയ എന്ന മാരകരോഗം മനസിലുള്ളവര്‍ എത്ര ഉന്നത സ്ഥാനത്തുള്ളവനായാലും തന്റെ സ്ഥാനത്തിന്റെ വിലപോലും അവഹേളിക്കപ്പെടും വിധം തറവേലകള്‍ അവര്‍ ഇറക്കും തീ വിറകിനെ തിന്നും പ്രകാരം അസൂയ സല്‍ ക്കര്‍മ്മങ്ങളെ നശിപ്പിക്കും എന്ന് നബി(صلى الله عليه وسلم)പറഞ്ഞത് എന്ത് മാത്രം ചിന്തനീയമാണ്.

അസൂയക്കാരന്‍ അധാര്‍മ്മികമായ വഴികളിലൂടെ സഞ്ചരിച്ച് പരലോകത്ത് പരാജയം ഏറ്റുവാങ്ങ്നുന്നതോടൊപ്പം ഈ ലോകത്ത് എപ്പോഴും അവന്‍ അസ്വസ്ഥനായിരിക്കും ,കാരണം താന്‍ ആരോടാണോ അസൂയ വെക്കുന്നത് അവനു ലഭിക്കുന്ന ഓരോ നന്മയും ഇവനു അസ്വസ്ഥത സമ്മാനിച്ചു കൊണ്ടിരിക്കും അങ്ങനെ ഒരു ഉപകാരവുമില്ലാതെ സ്വയം നീറിത്തീരുന്ന പാഴ്ജന്മമായി അവന്‍ അധപതിക്കും.അത് കൊണ്ട് അസൂയക്കാരന്‍ പല കുതന്ത്രങ്ങളും ഒപ്പിക്കും അത് ചിലപ്പോള്‍ നേരിട്ടാവണമെന്നില്ല.അതിനാല്‍ അവന്റെ ശല്യത്തില്‍ നിന്നു നാഥനില്‍ അഭയം തേടുന്നതിന്റെ അനിവാര്യത നമ്മെ അള്ളാഹു ബോധ്യപ്പെടുത്തുകയാണിവിടെ.

നബി(صلى الله عليه وسلم)വരുന്നത് വരെ ദീര്‍ഘകാലം നബി(صلى الله عليه وسلم)യെ പ്രതീക്ഷിച്ചിരുന്ന ജൂതന്മാര്‍ നബി(صلى الله عليه وسلم)വന്നപ്പോള്‍ അസൂയ നിമിത്തമാണ്. നബി(صلى الله عليه وسلم)യെ എതിര്‍ത്തത്, യൂസുഫ് (عليه وسلم)ന്റെ സഹോദരങ്ങള്‍ തന്നെ കിണറ്റിലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചതും അസൂയ കൊണ്ട് തന്നെ. ഭുമിയിലെ ആദ്യത്തെ കൊലപാതകം(ഹാബീല്‍ എന്ന നല്ല മനുഷ്യനെ കൊന്ന ഖാബീലിന്റെ ദുര്‍ പ്രവര്‍ത്തി)നടന്നതും അസൂയ നിമിത്തം തന്നെ!

ഇമാം ഖുര്‍ത്വുബി(رحمه الله) എഴുതുന്നു. ‘അള്ളാഹുവിന്റെ പടപ്പുകളിലെ തിന്മയെ തൊട്ട് പൊതുവില്‍ കാവലിനെ തേടിയാണ് സൂറത്ത് ആരംഭിച്ചത് അവസാനിപ്പിച്ചത് അസൂയക്കാരുടെ കെടുതികളില്‍ നിന്ന് രക്ഷ തേടിക്കൊണ്ടും.അത് അസൂയയുടെ ഗൌരവം ഉണര്‍ത്താനാണ്.. അസൂയക്കാരന്‍ അള്ളാഹുവിന്റെ അനുഗ്രഹങ്ങളുടെ ശത്രുവാണ്.ചില ആദ്ധ്യാത്മിക നേതാക്കള്‍ പറഞ്ഞു.അസൂയക്കാരന്‍ അഞ്ചു നിലക്ക് അള്ളാഹുവോട് മത്സരിക്കുകയാണ്.

(1)മറ്റുള്ളവരില്‍ കാണുന്ന എല്ലാ അനുഗ്രഹത്തോടും അവന്‍ ദേഷ്യമുള്ളവനാണ്
(2)അള്ളാഹുവിന്റെ വിധിയോട് ദേഷ്യം വെക്കുന്നവനാണ്
(3)അള്ളാഹുവിന്റെ പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നവനാണ്(അള്ളാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുഗ്രഹം നല്‍കും,,അതിനെയാണ് ഇവര്‍ എതിര്‍ക്കുന്നത്)അസൂയക്കാരന്‍
(4)അള്ളാഹുവിന്റെ ഇഷ്ടദാസരോട് ചതി കാണിക്കുന്നവനാണവന്‍
(5)തന്റെ ശത്രുവായ ഇബ് ലീസിനെ സഹായിക്കുകയാണവന്‍ .

വേദികളില്‍ ദു:ഖം മാത്രമേ അസൂയക്കാരനു ലഭിക്കൂ.മലക്കുകളുടെ അടുത്ത് ശാപവും ഏകാന്തതയില്‍ അസഹിഷ്ണുതയുംഅസ്വസ്ഥതയും പരലോകത്ത് ദു:ഖവും കരിയലും അള്ളാഹുവില്‍ നിന്ന് അകല്‍ച്ചയും ദേഷ്യവും മാത്രം ലഭിക്കുന്നവനാണ് അസൂയക്കാരന്‍ , ഹറാം(അനധികൃ‌തമായി സമ്പാദിച്ചത്)ഭക്ഷിക്കുന്നവന്‍ ,പരദൂഷണം വര്‍ദ്ധിപ്പിക്കുന്നവന്‍ ,മുസ്‌ലിംകളോട് മനസ്സില്‍ അസൂയയോ കെറുവോ ഉള്ളവന്‍ എന്നീ മൂന്നാളുകളുടെ പ്രാര്‍ത്ഥന അള്ളാ‍ഹു സ്വീകരിക്കില്ല,എന്ന് നബി(صلى الله عليه وسلم)പറഞ്ഞിട്ടുണ്ട് (ഖുര്‍ത്വുബി 20/191)