അദ്ധ്യായം 110 : സൂറത്ത് നസ്വ്‌ര്‍

سورة النصر

മദീനയില്‍ അവതരിച്ചു -വചനങ്ങള്‍ 3
بسم الله الرحمن الرحيم
പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാന്‍ ആരംഭിക്കുന്നു.
1. إِذَا جَاء نَصْرُ اللَّهِ وَالْفَتْحُ
അള്ളാഹുവിന്റെ സഹായവും വിജയവും വന്നാല്‍
ഇവിടുത്തെ സഹായം ഖുറൈശികള്‍ക്കെതിരെയുള്ള സഹായം എന്നും യുദ്ധരംഗത്ത് ശത്രുക്കള്‍ക്കെതിരെയുള്ള സഹായം എന്നും ഉദ്ദേശിക്കാം. ഫത്ഹ് എന്നത് മക്കം ഫത്ഹ് ആണുദ്ദേശ്യം.
ത്വാഇഫ് വിജയമെന്നും നബി(صلى الله عليه وسلم)ക്ക് അള്ളാഹു നല്‍കിയ അളവറ്റ വിജ്ഞാനമെന്നും അഭിപ്രായമുണ്ട്(റാസി).
2. وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا
അള്ളാഹുവിന്റെ മതത്തില്‍ കൂട്ടം കൂട്ടമായി പ്രവേശിക്കുന്നതായി മനുഷ്യരെ തങ്ങള്‍ കാണുകയും( ചെയ്താല്‍ )
നബി(صلى الله عليه وسلم)മക്ക ജയിച്ചടക്കിയപ്പോള്‍ അറബ് ഗോത്രങ്ങള്‍ പറയാന്‍ തുടങ്ങി. ‘ആനപ്പടയില്‍ നിന്ന് അള്ളാഹു അഭയം നല്‍കിയിരുന്ന ഹറം നിവാസികള്‍ക്ക് എതിരെ മുഹമ്മദ് നബി(صلى الله عليه وسلم)ക്ക് അള്ളാഹു വിജയം കൊടുത്തുവെങ്കില്‍ നമുക്ക് ആ നബിക്കെതിരെ ഒരു സഹായവും ലഭിക്കില്ല’ എന്ന്.അങ്ങനെ അവര്‍ കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്ക് കടന്ന് വരാന്‍ തുടങ്ങി(ഖുര്‍ത്വുബി)
3. فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوَّابًا
അപ്പോള്‍ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും അവനോട് പൊറുക്കലിനെ തേടുകയും ചെയ്യുക നിശ്ചയം അവന്‍ വളരെ പാശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.
ഈ സൂറത്ത് ഇറങ്ങിയതിനു ശേഷം ഒരു നിസ്ക്കാരവും سبحانك ربنا وبحمدك اللهم اغفرلي
എന്ന് (റുകൂഇലും സുജൂദിലും) പറയാതെ നബി(صلى الله عليه وسلم) നിസ്ക്കരിച്ചിട്ടില്ലെന്ന് ആഇശ(رضي الله عنها)പ്രസ്താവിക്കുന്നു(ബുഖാരി)
അള്ളാഹു തന്റെ ദീനിന്റെ പൂര്‍ത്തീകരണവും വിജയവും യാഥാര്‍ത്ഥ്യമാക്കാനാണല്ലോ നബി(صلى الله عليه وسلم)യെ നിയോഗിച്ചത്.ആ ദൌത്യ നിര്‍വഹണത്തിന്നായി നബി(صلى الله عليه وسلم) അവിശ്രമപരിശ്രമങ്ങള്‍ നടത്തുകയും ത്യാഗം സഹിക്കുകയും കഷ്ടപ്പാടുകള്‍ അനുഭവിക്കുകയും ചെയ്തു.പ്രവാചകത്വ കാലഘട്ടമായ ഇരുപതില്‍പരം വര്‍ഷങ്ങള്‍ ഈ പ്രക്രിയ അവിടുന്ന് തുടര്‍ന്നു. അവസാനം നബി(صلى الله عليه وسلم) അള്ളാഹുവിന്റെ സഹായത്താല്‍ പരിപൂര്‍ണ്ണ വിജയം നേടി. നേരത്തേ ഒറ്റപ്പെട്ട ആളുകളാണ് ഇസ്‌ലാമിലേക്ക് കടന്ന് വന്നിരുന്നത്.അനേകം അറബി ഗോത്രങ്ങള്‍ മക്കക്കാരുടെ നിലപാട് കാത്തിരിക്കുകയായിരുന്നു. എന്നാല്‍ വിസ്മയകരമായ മക്കാവിജയം കൈവരികയും അവിടെ അവശേഷിച്ചവര്‍ സത്യത്തിലേക്ക് കടന്ന് വരികയും ചെയ്തതോടെ ശിര്‍ക്കിന്റെ കേന്ദ്രമായിരുന്ന മാറിയിരുന്ന കഅബയും പരിസരവും യഥാര്‍ത്ഥ തൌഹീദിന്റെ ഈറ്റില്ലമായി വീണ്ടും തിരിച്ചുവന്നു. ഇതേത്തുടര്‍ന്ന് അറേബ്യയുടെ നാനാ ഭാഗത്ത് നിന്നും ജനങ്ങള്‍ കൂട്ടം കൂട്ടമായി മദീനയിലെത്തുകയും നബി(صلى الله عليه وسلم)യുടെ സാന്നിദ്ധ്യത്തില്‍ സത്യമതത്തില്‍ പ്രവേശിക്കുകയും ചെയ്തു കൊണ്ടിരുന്നു. മറ്റ് സ്ഥലങ്ങളിലേക്ക് ഇസ്ലാമിനെ എത്തിച്ച് കൊടുക്കാനും നബി(صلى الله عليه وسلم) നല്‍കിയ സന്ദേശം പ്രചരിപ്പിക്കാനും പ്രാപ്തരായ ഒരു ശിഷ്യ സമ്പത്ത് അവിടുന്ന് വാര്‍ത്തെടുത്തു. ഈ സാഹചര്യത്തിലാണീ അദ്ധ്യായം അവതരിക്കുന്നത്.അതായത് ഇവിടെ നബി(صلى الله عليه وسلم)ക്ക് അള്ളാഹുവില്‍ നിന്ന് ലഭിക്കേണ്ട സഹായങ്ങള്‍ ലഭിക്കുകയും അവിടുത്തെ ദൌത്യം പൂര്‍ത്തിയാവുകയും ചെയ്തു .ചെയ്ത് തീര്‍ക്കേണ്ട എല്ലാ ജോലികളും അവിടുന്ന് പൂര്‍ത്തിയാക്കിയിരിക്കുന്നു. ആസ്ഥിതിക്ക് ഇനി വര്‍ണ്ണനാതീതമായ അളവറ്റ അനുഗ്രഹങ്ങള്‍ അള്ളാഹു തനിക്ക് സജ്ജമാക്കി വച്ചിട്ടുണ്ട്.അത് അനുഭവിക്കാനും ആസ്വദിക്കാനും അള്ളാഹു നബി(صلى الله عليه وسلم)യെ സ്വാഗതം ചെയ്തിരിക്കുകയാണ്.അഥവാ ആ യാത്രക്ക് തയാറാ‍വാനുള്ള സൂചനയാണീ‍ സൂറത്ത്. ഇതില്‍ നബി(صلى الله عليه وسلم)യുടെ വിയോഗത്തിന്റെ സൂചനയുണ്ടെന്ന് ഇബ്നു അബ്ബാസ്(رضي الله عنه)പറഞ്ഞിരിക്കുന്നു ,നബി(صلى الله عليه وسلم)തന്നെ ഈ സൂറത്ത് ഇറങ്ങിയപ്പോള്‍ قد نعيت الي نفسي(എനിക്ക് എന്റെ മരണ വാര്‍ത്ത അറിയിക്കപ്പെട്ടിരിക്കുന്നു)എന്ന് പറഞ്ഞിട്ടുണ്ട്(അഹ്‌മദ് ,ബൈഹഖി)അത് കൊണ്ട് ഈ സൂറത്തിനു سورة التوديع (യാത്രയയപ്പ് അദ്ധ്യായം)എന്ന് പേരുണ്ട്

പരലോക യാത്രക്ക് മുമ്പായി അള്ളാഹു ഇത് വരെ ചെയ്ത് തന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദിയായി അള്ളാഹുവിനു സ്തുതി കീര്‍ത്തനങ്ങള്‍ നടത്തുകയും പൊറുക്കലിനെ തേടുകയും ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഇമാം റാസി(رحمه الله) എഴുതുന്നു.പൊറുക്കലിനെ തേടാനുള്ള നിര്‍ദ്ദേശത്തില്‍ അവധി അടുത്തു എന്ന സൂചനയുണ്ട്.അതായത് സമയമായി യാത്ര അടുത്തു അതിനായി ഒരുങ്ങുക ,ഇതാണിതില്‍ അടങ്ങിയിട്ടുള്ളത് ബുദ്ധിയുള്ളവര്‍ മരിക്കാറാവുമ്പോള്‍ പാശ്ചാത്താപം വര്‍ദ്ധിപ്പിക്കണമെന്ന് ഇതില്‍ മുന്നറിയിപ്പുണ്ട്(റാസി)

ഈ സൂറത്ത് ഇറങ്ങിയപ്പോള്‍ അബ്ബാസ്(رضي الله عنه)കരഞ്ഞു.എന്തിനാണ് കരയുന്നതെന്ന് നബി(صلى الله عليه وسلم)ചോദിച്ചപ്പോള്‍ അങ്ങയുടെ മരണ വാര്‍ ത്ത ഇതിലുണ്ടെന്ന് പറയുകയും കാര്യം അങ്ങനെ തന്നെ എന്ന് നബി(صلى الله عليه وسلم) സ്ഥിരീകരിക്കുകയും ചെയ്തു.ഇത് പറഞ്ഞത് അബ്ബാസ്(رضي الله عنه)ന്റെ മകന്‍ അബ്ദുള്ളാഹി ബിന്‍ അബ്ബാസ്(رضي الله عنه) ആണെന്നും മഹാന്‍ അത് പറഞ്ഞപ്പോള്‍ ഈ കുട്ടിക്ക് ധാരാളം ജ്ഞാനം നല്‍കപ്പെട്ടിരിക്കുന്നു എന്ന് നബി(صلى الله عليه وسلم)പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്(റാസി)


ഇബ്നു അബ്ബാസ്(رضي الله عنه)വില്‍ നിന്ന് ഇവിടെ ഒരു സംഭവം ഇമാം ബുഖാരി(رحمه الله)അടക്കം പല മഹാന്മാരും ഉദ്ധരിക്കുന്നുണ്ട്. അതിപ്രകാരമാണ്, ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്ന വൃദ്ധന്മാരോടൊപ്പം ഉമര്‍(رضي الله عنه)എന്നെയും സദസ്സില്‍ പ്രവേശിപ്പിക്കാറുണ്ടായിരുന്നു. അതിഷ്ടപ്പെടാതിരുന്ന ചിലര്‍ ഉമര്‍(رضي الله عنه)നോട് പറഞ്ഞു എന്താണീ ചെറുപ്രായക്കാരനെ ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുന്നത് ഇതേപ്രായത്തിലുള്ള മക്കളുള്ളവരല്ലേ ഞങ്ങള്‍ എന്ന്! ഉമര്‍(رضي الله عنه)പറഞ്ഞു ഇയാള്‍ നിങ്ങള്‍ക്കറിയാവുന്ന ആളാണല്ലോ. നബി(صلى الله عليه وسلم) യുടെ പൃതൃവ്യ പുത്രനും ഖുര്‍ആനെ സംബന്ധിച്ച് കൂടുതല്‍ അറിയുന്ന ആളുമാണ് ആനിലക്ക് അദ്ദേഹത്തിന്റെ പ്രായക്കുറവ് കാര്യമാക്കേണ്ടതില്ല എന്ന് സാരം) അങ്ങനെ ഒരു ദിവസം അവരെയെല്ലാം ഉമര്‍ (رضي الله عنه)ഒരുമിച്ച് കൂട്ടി.കൂട്ടത്തില്‍ എന്നെയും വിളിച്ചു(എന്റെ അറിവ് അവര്‍ക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കലായിരുന്നു ഉദ്ദേശ്യം) എന്നിട്ട് ഉമര്‍ (رضي الله عنه)
إِذ َا جَاء نَصْرُ اللَّهِ وَالْفَتْحُ وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا
فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوَّابًا
അള്ളാഹുവിന്റെ സഹായവും വിജയവും വന്നാല്‍ …എന്ന് അള്ളാഹു പറഞ്ഞതിനെ കുറിച്ച് നിങ്ങള്‍ എന്ത് പറയുന്നു എന്ന് ചോദിച്ചു. ചിലര്‍ പറഞ്ഞു,നമുക്ക് സഹായം ലഭിക്കുകയും വിജയം സിദ്ധിക്കുകയും ചെയ്യുമ്പോള്‍ നാം അള്ളാഹുവിനെ സ്തുതിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യണമെന്ന് അള്ളാഹു നമ്മെ ഉപദേശിച്ചിരിക്കുകയാണ്.ചിലര്‍ ഒന്നും പറയാതെ മൌനം പാലിക്കുകയും ചെയ്തു.അപ്പോള്‍ ഉമര്‍ (رضي الله عنه)എന്നോട് ചോദിച്ചു അങ്ങനെ തന്നെയാണോ താങ്കളും പറയുന്നത്? അല്ല .അത് നബി(صلى الله عليه وسلم)യുടെ ആയുഷ്ക്കാലാവധി അറിയിച്ച് കൊടുത്തതാണ് അഥവാ അള്ളാഹുവിന്റെ സഹായവും വിജയവും വന്നാല്‍ അത് അവിടുത്തെ അവധിയുടെ അടയാളമാണ് അതിനാല്‍ തങ്ങള്‍ നാഥനെ സ്തുതിച്ചും പരിശുദ്ധി പ്രകീര്‍ത്തനം ചെയ്തും പാപമോചനം തേടിയും യാത്രക്കൊരുങ്ങുക എന്നാണ് ആ സൂറത്തിന്റെ താല്പര്യം എന്ന് ഞാന്‍ പറഞ്ഞു.ഇത് കേട്ടപ്പോള്‍ ഉമര്‍ (റ) താങ്കള്‍ പറയുന്നത് തന്നെയാണ് ഞാനും അതില്‍ നിന്ന് മനസിലക്കിയത് എന്ന് പറഞ്ഞു (ബുഖാരി). ഉമര്‍ (رضي الله عنه) ഇവിടെ ഇബ്നു അബ്ബാസ്(رضي الله عنه)ന്റെ വിവരം മറ്റുള്ളവരെ ധരിപ്പിക്കല്‍ കൂടി ഉദ്ദേശിച്ചിരുന്നു.

പ്രവാചകന്മാര്‍ പാപ സുരക്ഷിതരാണെന്നിരിക്കെ പൊറുക്കലിനെ തേടാന്‍ പറഞ്ഞതിന്റെ പൊരുള്‍ എന്താണെന്ന് സംശയിച്ചേക്കാം അത് അവിടുത്തെ താഴ്മ പ്രകടിപ്പിക്കാനും അതിന്റെ ഗുണം ഉമ്മത്തിനു ലഭിക്കാനും വേണ്ടിയാണ്.പാപം ചെയ്യാതിരുന്നിട്ടും എന്റെ ജീവിതത്തിലെ വല്ല ചലനവും അബദ്ധമായേക്കുമോ എന്ന ഭയം നബി(صلى الله عليه وسلم)ക്കുണ്ടെങ്കില്‍ സാധാരണയായി തെറ്റു ചെയ്യുന്ന നാം എത്ര ഗൌരവത്തില്‍ ചിന്തിക്കണം ഇത്.നമുക്ക് മാതൃക കാണിക്കുകയും നബി(صلى الله عليه وسلم) യുടെ പൊറുക്കലിനെ തേടുന്നതിന്റെ ലക്ഷ്യമാണ്

നബി(صلى الله عليه وسلم) അവിടുത്തെ അവസാന കാലത്ത് سبحان الله وبحمده أستغفرالله وأتوب اليه
എന്ന് അധികം പറയാറുണ്ടായിരുന്നുവെന്ന് ആ ഇശ(رضي الله عنها) പ്രസ്താവിച്ചിട്ടുണ്ട്(അഹ് മദ്)
അബൂ ഹുറൈറ(റ)പറയുന്നു. ‘ഈ സൂറത്ത് അവതരിച്ചപ്പോള്‍ നബി(صلى الله عليه وسلم) കൂടുതല്‍ ആരാധനകളില്‍ മുഴുകാന്‍ തുടങ്ങി.അവിടുത്തെ കാലില്‍ നീരു വരാനും ശരീരം ശോഷിക്കാനും പുഞ്ചിരി മായാനും കരച്ചില്‍ വര്‍ദ്ധിക്കാനും തുടങ്ങി’.(ഖുര്‍ത്വുബി)

നബി(صلى الله عليه وسلم)തന്റെ അവസാന സമയങ്ങളില്‍ എല്ലാ സന്ദര്‍ഭങ്ങളിലും سبحان الله وبحمده
എന്ന് പറഞ്ഞിരുന്നു,ശിഷ്യന്മാര്‍ ചോദിച്ചു എന്താണ് നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും വരുമ്പോഴും പോകുമ്പോഴുമൊക്കെ ഈ തസ്ബീഹ് വര്‍ദ്ധിപ്പിക്കുന്നത്.എന്ന്,അവിടുന്ന് പറഞ്ഞത് അങ്ങനെ പറയാന്‍ ഞാന്‍ കല്‍‌പ്പിക്കപ്പെട്ടിരിക്കുന്നു എന്നാണ്.എന്നിട്ട് ഈ സൂറത്ത് അവിടുന്ന് ഓതുകയും ചെയ്തു(ത്വബ് രി )

ഈ സൂറത്ത് ഓതിയാല്‍ നബി(صلى الله عليه وسلم)യോടൊപ്പം മക്കം ഫത് ഹില്‍ പങ്കെടുത്തവര്‍ക്ക് ലഭിക്കുന്നത് പോലുള്ള പ്രതിഫലം നല്‍കപ്പെടും എന്ന് നബി(صلى الله عليه وسلم) പറഞ്ഞു(ബൈളാവി)