അദ്ധ്യായം- 100.സൂറത്തുല്‍ ആദിയാത്

سورة العاديات
മക്കയില്‍   അവതരിച്ചു -സൂക്തങ്ങള്‍ 11
بسم الله الرحمن الرحيم
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്‌ അനുഗ്രഹം തേടി ഞാന്‍  ആരംഭിക്കുന്നു.


1. وَالْعَادِيَاتِ ضَبْحًا
കിതച്ച് വളരെ വേഗം ഓടുന്നവ തന്നെ സത്യം
2. فَالْمُورِيَاتِ قَدْحًا
അങ്ങനെ (കുളമ്പുകള്‍  കല്ലില്‍  അടിച്ച്)തീ പറപ്പിക്കുന്നവ3. فَالْمُغِيرَاتِ صُبْحًا
അങ്ങനെ പ്രഭാതത്തില്‍ ചെന്ന് ആക്രമണം നടത്തുന്നവ
4. فَأَثَرْنَ بِهِ نَقْعًا
എന്നിട്ട് അതില്‍(പ്രഭാതത്തില്‍)അവ പൊടി പടലം ഇളക്കി വിട്ടു
5. فَوَسَطْنَ بِهِ جَمْعًا
എന്നിട്ട് പ്രഭാതത്തില്‍ അവ (ശത്രു) സംഘത്തിനു നടുവില്‍ പ്രവേശിച്ചു (അങ്ങനെയുള്ളവ തന്നെ സത്യം)
ഇവിടെ പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നത് കുതിരയാണെന്നും ഒട്ടകമാണെന്നും അഭിപ്രായമുണ്ട്. കുതിരയാണെന്നതാണ് പ്രബലം(റാസി, ത്വബ്‌രി) കുതിരയെ കൊണ്ട് അല്ലാഹു സത്യം ചെയ്യാന്‍  കാരണം മറ്റ് മൃഗങ്ങള്‍ക്കില്ലാത്ത പ്രത്യേകത ആ ജീവിക്കുള്ളത് കൊണ്ടാണ്. ഓടിച്ചെന്ന് ശത്രുവിന്റെ നേരെ ചാടിവീഴാനും ഓടി രക്ഷപ്പെടുന്നതിലാണ് ബുദ്ധിയെങ്കില്‍  നന്നായി ഓടി രക്ഷപ്പെടാനും മറ്റ് ജന്തുക്കള്‍ക്കില്ലാത്ത കഴിവ് കുതിരക്കുണ്ട്. അതാണ് അവയെക്കൊണ്ട് സത്യം ചെയ്തത്(റാസി32/60)
ആധുനിക യുദ്ധോപകരണങ്ങള്‍  പ്രചാരത്തില്‍ വരുന്നതിനു മുമ്പ് യുദ്ധ രംഗത്ത് കുതിരയുടെ സ്ഥാനം വളരെ വലുതായിരുന്നു. അക്കൂട്ടത്തില്‍ അറബിക്കുതിരകള്‍  ലോക പ്രസിദ്ധമാണ്. അങ്ങനെയുള്ള കുതിരകളുടെ ചില ഗുണങ്ങളാണീ സൂക്തങ്ങളില്‍  പ്രതിപാദിക്കുന്നത്. അതിവേഗം കുതിച്ച് പായുക, ഓട്ടത്തിന്റെ ശക്തിയാല്‍  കുളമ്പ് കല്ലില്‍ തട്ടുമ്പോള്‍  തീപ്പൊരി പാറുക, പ്രഭാതത്തില്‍ ശത്രുക്കള്‍  എഴുന്നേറ്റ് വരും മുമ്പേ അവരുടെ താവളത്തിലെത്തി ആക്രമണം നടത്തി അവിടെ പൊടി പടലങ്ങള്‍  അന്തരീക്ഷത്തില്‍ മൂടുമാര്‍  അതിനെ ഇളക്കി വിട്ട് ശത്രു മദ്ധ്യത്തില്‍ ചാടി വീണ് പട നടത്തുക. ഇതൊക്കെയാണാ ഗുണങ്ങള്‍ . ധര്‍മ്മ യുദ്ധം ആവശ്യമായി വരുന്നിടത്ത് നീതിയുടെ സംസ്ഥാപനത്തിനു വേണ്ടി ലക്ഷണമൊത്ത കുതിരകളെയും മറ്റ് യുദ്ധ സാമഗ്രികളൊക്കെയും ഒരുക്കുന്നത് പുണ്യമാണ്. അതിനു വലിയ പ്രതിഫലമുണ്ട് എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്
6. إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ
നിശ്ചയം മനുഷ്യന്‍  തന്റെ നാഥനോട് നന്ദി കെട്ടവന്‍  തന്നെയാണ്.
ഇത്രയും സത്യ വാചകങ്ങള്‍  പറഞ്ഞ് കൊണ്ട് അല്ലാഹു പറയുന്ന വിഷയം മനുഷ്യന്‍  നാഥനോട് നന്ദികെട്ടവന്‍  ആണെന്നാണ്. റബ്ബ് എന്നാല്‍ നമ്മെ സൃഷ്ടിച്ച് വേണ്ടുന്ന ആരോഗ്യം,ധനം തുടങ്ങി എല്ലാ സംവിധാനങ്ങളും നല്കി നമ്മെ വളര്‍ത്തുന്നവന്‍  എന്നാണ്. നിങ്ങളിലുള്ള എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവില്‍  നിന്നാണെന്ന വിശുദ്ധ ഖുര്‍ആനിന്റെ അദ്ധ്യാപനം ഇവിടെ പ്രസ്താവ്യമാണ്. ആ നാഥന്റെ അനുഗ്രഹങ്ങള്‍  അനുഭവിച്ച് അതിനു നന്ദിയുള്ള പ്രവര്‍ത്തനം നടത്തേണ്ട മനുഷ്യന്‍  പക്ഷെ നന്ദി കേടാണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന പ്രയോഗം നാം സഗൗരവം കാണേണ്ടതാണ് അല്ലാഹുവിനു നന്ദി ചെയ്യാന്‍  ധാരാളം നിര്‍ദ്ദേശം ഇസ്‌ലാമില്‍  കാണാം. അവനെക്കുറിച്ചുള്ള ഓര്‍മ്മയും അവന്‍  തന്ന അനുഗ്രഹങ്ങളെക്കുറിച്ചുള്ള ചിന്തയും അവ അല്ലാഹുവിന്റെ ഇഷ്ടത്തിലായി മാത്രം ഉപയോഗിക്കാനുള്ള നിര്‍ബന്ധബുദ്ധിയും ഒക്കെ ഈ നന്ദിയുടെ ഭാഗമാണ്.
ഇമാം ഖുര്‍തുബി(റ) എഴുതുന്നു. നന്ദി കെട്ടവന്‍  എന്നതിനു വിവിധ അര്‍ത്ഥങ്ങളുണ്ട്. അള്ളാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുക, ഹസന്‍(റ) പറഞ്ഞു. “അനുഗ്രഹങ്ങളെ മറക്കുകയും പരീക്ഷണങ്ങളെ ഓര്‍ക്കുകയും ചെയ്യലാണിത്”, അബൂബക്കര്‍ അല്‍ വാസിത്വി(റ) പറഞ്ഞു “അല്ലാഹു നല്കിയ അനുഗ്രങ്ങളെ തെറ്റില്‍ ചിലവഴിക്കലാണത്”, അബൂബക്കര്‍ അല്‍ വറ്‌റാഖ്(റ)പറഞ്ഞു. “തനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍  തന്റെ മഹത്വം കൊണ്ട് ലഭിതാണെന്ന് ധരിക്കലാണത്”, ഇമാം തുര്‍മുദി(റ) പറഞ്ഞു. “അനുഗ്രഹങ്ങളെ കാണുന്ന മനുഷ്യര്‍ അനുഗ്രഹം ചെയ്ത അല്ലാഹുവിനെ കാണാതിരിക്കലാണത്”, എന്നിങ്ങനെ ധാരാളം വ്യാഖ്യാനങ്ങള്‍  ഇതിനുണ്ട്(ഖുര്‍തുബി.20/116)
7. وَإِنَّهُ عَلَى ذَلِكَ لَشَهِيدٌ
നിശ്ചയം അവല്‍ അതിനു(നന്ദി കെട്ടവനാണെന്നതിനു) സാക്ഷ്യം വഹിക്കുന്നവനും തന്നെ
അല്ലാഹുവിനെ ഓര്‍മ്മയില്ല.അവന്‍  തന്ന അനുഗ്രഹങ്ങളവന്റെ അനിഷ്ടത്തിലായി ഉപയോഗിക്കുന്നു. ഇതൊക്കെ നന്ദി കേടാണ്. ഈ നന്ദികേടിനു താന്‍  തന്നെ സാക്ഷിയുമാണ് എന്നാണ് അല്ലാഹു ഉണര്‍ത്തുന്നത്. നമ്മുടെ ബലഹീനതയും അല്ലാഹു നല്കിയ അനുഗ്രഹങ്ങളുടെ വ്യാപ്തിയും, ശരിക്ക് ചിന്തിച്ചാല്‍  താന്‍  നന്ദികേടാണ് ചെയ്യുന്നതെന്ന് നമ്മുടെ മന:സാക്ഷി തന്നെ നമ്മോട് പറയും അതാണ് താന്‍  നന്ദി കെട്ടവനാണെന്നതിനു താന്‍  സാക്ഷിയാണെന്ന് അല്ലാഹു ഉണര്‍ ത്തുന്നത്.
ഏഴാമത് വാക്യത്തിലെ وَإِنَّهُ എന്ന സര്‍വ്വനാമം  മനുഷ്യര്‍  എന്നതിനെ സൂചിപ്പിക്കുന്നു  എന്ന നിലക്കാണ് ഈ അര്‍ത്ഥം. അത് അല്ലാഹുവിനെയാണ് സൂചിപ്പിക്കുന്നത്  അഭിപ്രായമുണ്ട്. അപ്പോള്‍  മനുഷ്യര്‍  നന്ദി കെട്ടവനാണെന്നതിനു അല്ലാഹു സാക്ഷിയാണ് എന്നാവും അര്‍ത്ഥം. നമ്മുടെ എല്ലാം (ചിന്തയും പ്രവര്‍ത്തനങ്ങളുമെല്ലാം) അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന് അല്ലാഹു തന്നെ പറഞ്ഞത് ഖുര്‍ആനിലുണ്ടല്ലോ ! അപ്പോള്‍  ഇത് ശക്തമായ താക്കീതായിട്ടാണ് മനസിലാക്കേണ്ടത്8. وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ
നിശ്ചയം അവന്‍  നല്ലതിനോട് (ധനത്തോട്) അതിയായ പ്രേമം കാട്ടുന്നവനുമാണ്.
ഖൈര്‍  എന്നതിനു ധനം എന്നും ഭൂമിയില്‍  നന്നായി ഗണിക്കപ്പെടുന്ന എല്ലാം എന്നും അര്‍ത്ഥം പറയാം.എന്തായാലും ഭൗതിക വിഭവങ്ങളോട് മനുഷ്യനുള്ള അമിത ഇഷ്ടം പലപ്പോഴും അവനെ അക്രമിയാക്കി തീര്‍ക്കും. പിശുക്ക് കാണിച്ച് ധനത്തിലെ ബാധ്യത പോലും അവന്‍  മറക്കും. ധന സമ്പാധനത്തിനുള്ള മാര്‍ഗം ശരിയോ തെറ്റോ എന്നൊന്നും അവന്‍  ചിന്തിക്കില്ല ധനത്തോടുള്ള അമിത താല്പര്യത്തിള്‍  നിന്നാണ് ഈ സ്വഭാവം ഉടലെടുക്കുന്നത്. ഇതിനെ ആക്ഷേപിക്കുകയാണ് അല്ലാഹു.
ഇമാം ഥബരി(റ) എഴുതുന്നു. ഇവിടെ خير എന്ന് പറഞ്ഞത് ദുനിയാവിനെ ഉദ്ദേശിച്ചാണ്. ദുനിയാവ് ചിലപ്പോള്‍  മനുഷ്യനു ചീത്തയാവുന്നില്ലേ ! ഹറാമായ രൂപത്തില്‍ മനുഷ്യന്‍  അത് സമ്പാദിക്കുന്നില്ലേ എന്നിട്ടുമെന്തേ അത് ‘നന്മ /ഖൈര്‍ ’ എന്ന് വിശേഷിപ്പിച്ചത് എന്ന സന്ദേഹത്തിന്റെ ഉത്തരം എങ്ങനെയായാലും ധനം നല്ലതാണെന്ന് ചിന്തിക്കുന്ന ജനത്തിന്റെ അവസ്ഥ പരിഗണിച്ചാണ് ഇത് പറഞ്ഞത്. എന്നാണ്(ഥബ്‌രി 30/310)
9. أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ
എന്നാള്‍  അവന്‍  അറിയുന്നില്ലേ ? ഖബ്‌റിലുള്ളത് ഇളക്കി മറിച്ച് (പുറത്താക്കപ്പെട്ടാള്‍ )
10. وَحُصِّلَ مَا فِي الصُّدُورِ
ഹൃദയങ്ങളിലുള്ളത് പുറത്ത് വരുത്തപ്പെടുകയും ചെയ്താല്‍  (എന്തായിരിക്കും അപ്പോള്‍  അവന്റെ സ്ഥിതി?)
11. إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌ
നിശ്ചയമായും അവരുടെ നാഥന്‍  അന്നത്തെ ദിവസം അവരെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവന്‍  തന്നെ.
നന്ദി കേടു കാണിക്കുന്ന മനുഷ്യനെ താക്കീത് ചെയ്ത് കൊണ്ട് അല്ലാഹു ചോദിക്കുകയാണ് മരണപ്പെട്ടവരെല്ലാം ഖബ്‌റില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്പ്പിക്കപ്പെടുകയും ഹൃദയത്തില്‍ ഒളിഞ്ഞ് കിടപ്പുള്ള എല്ലാ രഹസ്യങ്ങളും വെളിച്ചത്ത് കൊണ്ട് വരികയും ചെയ്യുന്ന ഒരു ദിവസമുണ്ടെന്ന് അവല്‍ മനസിലാക്കുന്നില്ലേ? അവന്റെ എല്ലാ രഹസ്യങ്ങളും അന്ന് പുറത്ത് വരും .അന്ന് താന്‍  പരാജയപ്പെടാതിരിക്കാന്‍  ഇന്ന് തന്നെ നേരത്തെ സൂചിപ്പിച്ച നന്ദികേടുകള്‍  ഒഴിവാക്കണം.എന്നാണീ താക്കീതിന്റെ ചുരുക്കം
അന്നത്തെ ദിനം അല്ലാഹു അവരെക്കുറിച്ച് സൂക്ഷ്മമായി അറിയും എന്ന് പറയുമ്പോള്‍  അവിടെ ചില ചോദ്യങ്ങള്‍  ഉയരുന്നു. (1) അന്ന് സൂക്ഷ്മമായി അറിയും എന്ന് പറയുമ്പോള്‍  അതിനു മുമ്പ് അറിവില്ലായ്മ ഉണ്ടെന്ന് വരില്ലേ അല്ലാഹുവിനു അങ്ങനെയില്ലല്ലോ? മറുപടി ഇതാണ്. അറിവില്ലാത്തവനു തന്നെ പരീക്ഷണങ്ങളിലൂടെ അറിവ് വരുമല്ലോ .അപ്പോള്‍  എപ്പോഴും അറിവുള്ള അള്ളാഹു ഈ സമയത്ത് നന്നായി അറിയും എന്നാണിതിന്റെ താല്പര്യം(മുമ്പ് അറിഞ്ഞിരുന്നില്ല എന്ന് വരില്ല (2) ആ ദിനം പ്രതിഫലത്തിന്റെ ദിനമാണ്. ഇന്ന് ആര്‍ക്കാണ് അധികാരം എന്ന് അള്ളാഹു ചോദിക്കുന്ന ദിനമാണത്. അതിന്റെ അര്‍ത്ഥം ബാഹ്യമായി പോലും അധികാരിയാണെന്ന് പറയാന്‍  ആളില്ലാത്ത അന്ന് എല്ലാം അള്ളാഹു സവിസ്തരം അറിയുന്നു എന്നാണ്(റാസി32/64)
മറ്റൊരു ചോദ്യമുണ്ടിവിടെ. അതായത് ഹൃദയത്തിന്റെ പ്രവര്‍ത്തനം മാത്രം ഇവിടെ എന്ത് കൊണ്ട് പറഞ്ഞു. അവയവങ്ങളുടെ പ്രവര്‍ത്തനവും അവിടെ പുറത്ത് വരില്ലേ ? നിവാരണം ഇങ്ങനെയാണ്. അവയവങ്ങളുടെ പ്രവര്‍ത്തനം മനസ്സിന്റെ തീരുമാനത്തോട് തുടര്‍ന്ന് വരുന്നവയാണ്. മനസിന്റെ പ്രേരണയാണ് സാധാരണ ഗതിയില്‍ അവയവങ്ങളെക്കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നത് അതിനാല്‍ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമെന്ന നിലക്ക് ഹൃദയത്തെ പറഞ്ഞതാണ്.(അവയവത്തിന്റെ പ്രവര്‍ത്തനങ്ങളും പുറത്ത് വരുമെന്ന് ചുരുക്കം) ഈ ശൈലി പലയിടത്തും ഖുര്‍ആന്‍  പ്രയോഗിച്ചിട്ടുണ്ട്(റാസി 32/64)