سورة الكوثر
بسم الله الرحمن الرحيم
പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാന്‍ ആരംഭിക്കുന്നു
1. إِنَّا أَعْطَيْنَاكَ الْكَوْثَرَ
(നബിയേ)നിശ്ചയമായും തങ്ങള്‍ക്ക് നാം ധാരാളം നന്മകള്‍ നല്കിയിരിക്കുന്നു.
വളരെ അധികരിച്ച നന്മ എന്ന അര്‍ത്ഥത്തിലാണ് അറബികള്‍ (അല്‍ കൌസര്‍ )എന്ന് ഉപയോഗിക്കാറുള്ളത് ഇതേ അര്‍ത്ഥം തന്നെയാണിവിടെ ഇബ്നു അബ്ബാസ്(رحمه الله)അടക്കം പല വ്യാഖ്യാതാക്കളും പറഞ്ഞിട്ടുള്ളത്. അതായത് നബി(صلى الله عليه وسلم) ക്ക് അള്ളാഹു ധാരാളം അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. അള്ളാഹു പരലോകത്ത് നബി(صلى الله عليه وسلم)ക്ക് നല്‍കുന്ന കൌസര്‍ എന്ന തടാകമാണുദ്ദേശ്യമെന്നും വ്യഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. അള്ളാഹു തങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളില്‍പെട്ടത് തന്നെയാണീ തടാകം എന്ന് വെക്കുമ്പോള്‍ ആദ്യം പറഞ്ഞ അര്‍ത്ഥം കൂടുതല്‍ അര്‍ത്ഥ വ്യാപ്തിയുള്ളതാകുന്നു.ഇമാം ഖുര്‍ത്വുബി(رحمه الله) പറയുന്നു,,കൌസര്‍ എന്നത് സ്വര്‍ഗത്തിലുള്ള ഒരു നദിയാണ്.രണ്ട് പാര്‍ശ്വവും സ്വര്‍ണ്ണത്താലുണ്ടാക്കപ്പെട്ട ആനദിയിലെ മണ്ണിനു കസ്തൂരിയേക്കാള്‍ സുഗന്ധവും വെള്ളത്തിനു തേനിനേക്കാള്‍ മാധുര്യവും ഉണ്ട്
മഹ്ശരില്‍ ജനങ്ങള്‍ വിചാരണക്ക് നില്‍ക്കുമ്പോഴും തങ്ങള്‍ക്ക് നല്‍കപ്പെടുന്ന ഒരു വെള്ളത്തിന്റെ തടാകമുണ്ട്.നന്മ തിന്മകള്‍ തൂക്കിക്കണക്കാകുന്നതിനു മുമ്പ് നല്ലവരായ ആളുകള്‍ക്ക് അതില്‍ നിന്ന് നബി(صلى الله عليه وسلم) വെള്ളം കുടിപ്പിക്കും.അപ്പോള്‍ വെള്ളം കുടിക്കാന്‍ വന്ന ചിലര്‍ അവിടെ നിന്ന് ആട്ടിയോടിക്കപ്പെടും നബി(صلى الله عليه وسلم)ക്ക് ശേഷം മതത്തില്‍ പുത്തന്‍ വാദങ്ങള്‍ ഉന്നയിച്ചവരാണാ ഹതഭാഗ്യര്‍ (ഖുര്‍ത്വുബി.20/157.158) ( വഹ്ഹാബികള്‍ ,മൌദൂടികള്‍ ,ഖവാരിജുകള്‍ തുടങ്ങിയുള്ളവരെ ഈ ആട്ടിയോടിക്കപ്പെടുന്ന ഈ കൂട്ടത്തില്‍ പെടുത്താം)
എന്റെ ഹൌള് ഒരു മാസത്തെ വഴി അകലമുള്ളതാണ്.അതിന്റെ ഭാഗങ്ങള്‍ സമമാകുന്നു(സമ ചതുരമാണ്)അതിലെ വെള്ളം പാലിനേക്കാള്‍ വെള്ളയും അതിന്റെ വാസന കസ്തൂരിയേക്കാള്‍ നല്ലതും അതിലെ കൂജ(പാന പാത്രം)കള്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ കണക്കെയുള്ളതുമാകുന്നു അതില്‍ നിന്ന് ആരെങ്കിലും കുടിച്ചാല്‍ അവനു ഒരു കാലത്തും ദാഹമുണ്ടാവുകയില്ല(ബുഖാരി,ഹദീസ് നമ്പര്‍ 6579)
ഹൌള് അല്‍ കൌസറിന്റെ അടുത്ത് ഞാന്‍ നേരത്തേ ചെന്ന് നിങ്ങളെ കാത്ത് നില്‍ക്കുമെന്ന് നബി(صلى الله عليه وسلم)പറഞ്ഞിട്ടുണ്ട്(ബുഖാരി ഹദീസ് നമ്പര്‍ 6575)
ഹൌളുല്‍ കൌസറിന്റെ മഹത്വം വിശദീകരിക്കുന്ന ധാരാളം ഹദീസുകള്‍ കാണാം.അത് കുടിക്കാന്‍ നമുക്ക് അള്ളാഹു അനുഗ്രഹം ചെയ്യട്ടെ ആമീന്‍ . ഇവിടെ പറഞ്ഞ കൌസര്‍ എന്നതിനു വേറെയും ധാരാളം വ്യഖ്യാനങ്ങള്‍ ഉണ്ട്. ഇമാം ഖുര്‍തുബി(رحمه الله) എഴുതുന്നു.ഇവിടെ പറഞ്ഞ കൌസര്‍ നബി(صلى الله عليه وسلم)ക്ക് സ്വര്‍ഗത്തില്‍ നല്‍കപ്പെട്ട നദിയാണ് എന്നും മഹ്ശറില്‍ നല്‍കപ്പെട്ട നദിയാണെന്നും നുബുവ്വത്തും ഖുര്‍ആനുമാണെന്നും ഇസ്‌ലാം ആണെന്നും, മത നിയമങ്ങളെ നമുക്ക് അള്ളാഹു ലളിതമാക്കിത്തന്നതാണെന്നും നബി(صلى الله عليه وسلم)ക്ക് ധാരാളം ശിഷ്യന്മാരെയും അനുയായികളെയും നല്‍കിയതാണെന്നും നബി(صلى الله عليه وسلم)തങ്ങള്‍ക്ക് അള്ളാഹു നല്‍കിയ പ്രശസ്തിയും പ്രശംസയും ആണെന്നും അള്ളാഹുവിലേക്ക് എല്ലാം ഏല്‍പ്പിക്കാനും മറ്റുള്ളതൊന്നും കാര്യാമാക്കാതിരിക്കാനും സാധിക്കുംവിധം തങ്ങളുടെ ഹൃദയത്തില്‍ അള്ളാഹു നല്‍കിയ പ്രഭയാണതെന്നും സമൂഹത്തെ രക്ഷിക്കാനായി നബി(صلى الله عليه وسلم)ക്ക് അള്ളാഹു നല്‍കിയ ശുപാര്‍ശാധികാരമാണതെന്നും സത്യ സാക്ഷ്യ വാക്യമായ لااله الاالله محمد رسول الله ആണെന്നും മത വിജ്ഞാനമാണെന്നും അഞ്ച് നേരത്തെ നിസ്ക്കാരമാണെന്നും അഭിപ്രായമുണ്ട്.(ഖുര്‍ത്വുബി 20/158)
ഈ പറഞ്ഞ വ്യാഖ്യാനങ്ങളൊന്നും പരസ്പര വൈരുദ്ധ്യമല്ല എന്നതിനാല്‍ ഈ അര്‍ത്ഥങ്ങളെല്ലാം സ്വീകാര്യമാണ്.ഇതിലൊക്കെ ധാരാളം നന്മകള്‍ അടങ്ങിയിട്ടുണ്ടല്ലോ ! എന്നാല്‍ ഏറ്റവും പ്രബലമായ അഭിപ്രായം ഹൌളുല്‍ കൌസര്‍ എന്ന പാനീയം എന്നാണെന്നാണ് ഇമാം ഖുര്‍ത്വുബി(رحمه الله)യുടെ പക്ഷം
അത് കൊണ്ട് തങ്ങളുടെ നാഥനു വേണ്ടി തങ്ങള്‍ നിസ്ക്കരിക്കുകയും ബലിയറുക്കുകയും ചെയ്യുക.
മറ്റ് പ്രവാചകന്മാര്‍ക്ക് നല്‍കിയതിനേക്കാള്‍ എത്രയോ അനുഗ്രഹങ്ങള്‍ നബി(صلى الله عليه وسلم)ക്ക് അള്ളാഹു നല്‍കിയിട്ടുണ്ട് അതിനു നന്ദിയായി അള്ളാഹുവിനു നിസ്കരിക്കാനും ബലിയറുക്കാനും നിര്‍ദ്ദേശിക്കുന്നു ഈ ഉപദേശം നബി(صلى الله عليه وسلم) നന്നായി നടപ്പാക്കിയിട്ടുണ്ടെന്ന് അവിടുത്തെ ചരിത്രം സാക്ഷ്യ വഹിക്കുന്നു.
ദീര്‍ഘമായി നിസ്കരിച്ച് തങ്ങളുടെ കാലില്‍ നീരു വരികയും അത് കണ്ടപ്പോള്‍ ആയിശ(رضي الله عنها ) തങ്ങള്‍ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്? അവിടുന്ന് പാപ സുരക്ഷിതന്‍ അല്ലെ?എന്ന് ചോദിക്കുകയും അള്ളാഹു എനിക്ക് നല്കിയ അളവറ്റ അനുഗ്രഹത്തിന് ഞാന്‍ നന്ദിയുള്ളവനാവണ്ടേ ! എന്ന് നബി(صلى الله عليه وسلم) മറുപടി പറഞ്ഞതും ഹദീസില്‍ ഉണ്ട്.നിസ്കാരമാണ് എനിക്ക് ഏറ്റവും സന്തോഷം എന്ന് നബി(صلى الله عليه وسلم) വിശദീകരിച്ചതും കൂടി ഇതോട് ചേര്‍ത്ത് വായിക്കുക. ഇവിടെ പറഞ്ഞ നിസ്കാരം അഞ്ച് നേരത്തെ നിസ്കാരമാണുദ്ദേശ്യമെന്നും ബലി പെരുന്നാള്‍ നിസ്കാരമാണെന്നും അഭിപ്രായമുണ്ട്
ബലിയറുക്കുക എന്നത് ഉള്‌ഹിയ്യത്ത് അറുക്കുക എന്നതാണ് ഉദ്ദേശ്യം. وَانْحَرْ എന്നതിനു നിസ്കരിക്കാന്‍ ആരംഭിക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തുകയും പിന്നീട് അത് നെഞ്ചിനടുത്തേക്ക്(താഴെ) താഴ്ത്തി വലത് കൈ ഇടത് കയ്യിന്റെ മേല്‍ നെഞ്ചിനു താഴെ നിസ്കാരത്തില്‍ വെക്കുക എന്നാണ് ചില വ്യാഖ്യാതാക്കള്‍ പറഞ്ഞത്(അദ്ദുര്‍ അല്‍ മന്‍ഥൂര്‍ 6/689) وَانْحَرْ എന്നതിനു നെഞ്ച് ഖിബ്‌ലയിലേക്ക് തിരിക്കണം നിസ്കാരത്തില്‍ എന്നും വ്യാഖ്യാനമുണ്ട്(ത്വബരി 15/370).
ഇമാം ബൈളാവി(رحمه الله) എഴുതുന്നു.അറബികളുടെ അടുത്ത് ബഹുമാനമുള്ള മൃഗങ്ങളെ ബലി അറുത്ത് സാധുക്കള്‍ക്ക് നല്കണം. അഥവാ കഴിഞ്ഞ സൂറത്തില്‍ പറഞ്ഞ ( ഇതിനു മുമ്പുള്ള അദ്ധ്യായം) സാധുവിനെ അകറ്റുന്ന കപടന്റെ ശൈലിക്കെതിരെ വിശ്വാസിക്ക് വേണ്ടത് അവനെ സഹായിക്കുന്ന ശൈലിയാണ് വേണ്ടത് എന്നാണിവിടെ പറയുന്നത് (ബൈളാവി 2/626)
3. إِنَّ شَانِئَكَ هُوَ الْأَبْتَرُ
നിശ്ചയമായും തങ്ങളോട് വിദ്വേഷം വെക്കുന്നവര്‍ തന്നെയാണ് വാലറ്റവര്‍ (ഭാവിയില്ലാത്തവര്‍ )
പാരമ്പര്യവും നല്ല സ്മരണയും നില നില്ക്കാത്തവര്‍ എന്നാണ് എന്നതിന്റെ ആശയം അതേ സമയം നബി(صلى الله عليه وسلم)യുടെ സന്താന പരമ്പരയും അവിടുത്തെ പ്രശസ്തിയും അന്ത്യ നാള്‍ വരെയും നിലനില്ക്കുകയും പരലോകത്ത് വര്‍ണിക്കാന്‍ പറ്റാത്ത അത്രയും മഹത്വം നല്‍കുകയും ചെയ്തിട്ടുണ്ട് (ബൈളാവി2/626). നബി(صلى الله عليه وسلم)യുടെ ആണ്‍ മക്കള്‍ ചെറുപ്പത്തിലേ മരണപ്പെടുന്നതിനെ സൂചിപ്പിച്ച് കൊണ്ട് മുഹമ്മദ്നബി(صلى الله عليه وسلم) ‘പിന്മുറക്കാനില്ലാത്ത വിധം വേരറ്റവരാണ്’ എന്ന് ആസ്വി ബിന്‍ വാഇല്‍ ആക്ഷേപിച്ചപ്പോള്‍ അവനെ എതിര്‍ത്തു കൊണ്ടാണ് അള്ളാഹു ഈ ആയത്ത് ഇറക്കിയത്. ഉഖ്ബത്തുബിന്‍ അബീ മുഐത്തിനെ കുറിച്ചാണെന്നും നബിയെ ആക്ഷേപിച്ച എല്ലാവരെക്കുറിച്ചും ആണെന്നും അഭിപ്രായമുണ്ട് (ത്വബരി 15/371).
നബി(صلى الله عليه وسلم) യുടെ മഹത്വം സ്ഥിരീകരിച്ച് കൊണ്ടും നബി(صلى الله عليه وسلم)യെ ആക്ഷേപിക്കുന്നത് അള്ളാഹു വകവെച്ച് തരില്ലെന്നും ഈ സൂക്തം നമ്മെ പഠിപ്പിക്കുന്നുനബി(صلى الله عليه وسلم) പറഞ്ഞു. ആരെങ്കിലും സൂറത്തുല്‍ കൗസര്‍ പാരായണം ചെയ്താല്‍ സ്വര്‍ഗത്തിലെ എല്ലാ നദികളില്‍ നിന്നും അവര്‍ക്ക് അള്ളാഹു കുടിപ്പിക്കുകയും ബലി പെരുന്നാള്‍ ദിനത്തില്‍ അള്ളാഹുവിനു ബലിയറുക്കുന്നവരുടെ എണ്ണം കണ്ട് പത്ത് നന്മകള്‍ അവര്‍ക്ക് അള്ളാഹു കണക്കാക്കുകയും ചെയ്യും(ബൈളാവി2/626)